
ശബരിമല : അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രസാദമായ അരവണയുടെ കരുതൽ ശേഖരം ക്രമാതീതമായി കുറഞ്ഞത് വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കിയേക്കും. മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറക്കുമ്പോൾ 46 ലക്ഷം ടിൻ ഉണ്ടായിരുന്ന അരവണയുടെ കരുതൽ ശേഖരം ഇപ്പോൾ 13 ലക്ഷം മാത്രമാണ്. മണ്ഡലകാലത്ത് ഇത് 27 ലക്ഷമായി കുറഞ്ഞത് മുതലാണ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്. തുടക്കത്തിൽ ഒരു ഭക്തന് അൻപതും പിന്നീട് ഇരുപതും മണ്ഡല കാലത്തിന്റെ അവസാന ദിവസങ്ങളിൽ പത്ത് ടിൻ മാത്രമായും നിജപ്പെടുത്തിയിരുന്നു. ഇപ്പോൾ ഒരാൾക്ക് ഇരുപത് ടിൻ അരവണ എന്ന ക്രമത്തിലാണ് നൽകുന്നത്.
മണ്ഡലപൂജ കഴിഞ്ഞ് നട അടച്ചിരുന്ന രണ്ട് ദിവസങ്ങളിൽ കൂടുതൽ ഉത്പാദനം നടത്തി കരുതൽ ശേഖരം
വർദ്ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാമെന്നായിരുന്നു ബോർഡിന്റെ പ്രതീക്ഷ. പ്രതിദിന ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭക്തർക്ക് ദർശനം ഇല്ലാതിരുന്നിനാൽ കരുതൽ ശേഖരത്തിൽ ചെറിയ വർദ്ധനവ് വരുത്താൻ
കഴിഞ്ഞു.എന്നാൽ മകരവിളക്ക് തീർത്ഥാടനത്തിന് നട തുറന്നത് മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ബോർഡിന്റെ എല്ലാ പ്രതീക്ഷകൾക്കും തിരിച്ചടിയായി. ആദ്യദിവസം ഭക്തർക്ക് ആവശ്യാനുസരണം അരവണ നൽകിയെങ്കിലും ജനുവരി ഒന്ന് മുതൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
കൗണ്ടറുകളിൽ തർക്കം
അരവണയുടെ നിയന്ത്രണം കൗണ്ടറുകളിൽ തർക്കങ്ങൾക്കും വക്കേറ്റങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ എത്തുന്ന സംഘങ്ങൾ ആയിരവും അഞ്ഞൂറുമൊക്കെ ടിൻ അരവണ ഒരുമിച്ച് വാങ്ങാനാണ് എത്തുന്നത്.തീർത്ഥാകരുടെ പ്രതിഷേധം മുന്നിൽ കണ്ട് കൗണ്ടറുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
.
ഉത്പാദനം കൂട്ടില്ല
ഒരും ഭക്തന് ഇരുപത് ടിൻ അരവണഎന്ന നിയന്ത്രമാണ് ഇപ്പോഴുള്ളത്. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എണ്ണം വീണ്ടും കുറച്ചേക്കും. സുരക്ഷിതമായ കരുതൽ ശേഖരം ഉറപ്പാക്കണമെങ്കിൽ പ്രതിദിന ഉത്പാദനം മൂന്ന് ലക്ഷം ടിൻ ആക്കണം. ഇപ്പോഴിത് രണ്ടര ലക്ഷമേയുള്ളു. വേണ്ടത്ര ശീതീകരണ സംവിധാനം ഇല്ലാത്തതാണ് കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിലുള്ള പ്രധാന തടസം. സന്നിധാനം ആഴിക്ക് സമീപമുളള പത്തും മാളികപ്പുറത്തെ എട്ടും കൗണ്ടറുകളിലൂടെയാണ് അരവണയും അപ്പവും വില്പന നടത്തുന്നത്. ഒരു ടിൻ അരവണയ്ക്ക് നൂറ് രൂപയും പത്ത് ടിൻ അടങ്ങിയ ബൾക്ക് കണ്ടെയ്നറിന് 1010 രൂപയുമാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |