
റാന്നി : വേനൽ കടുക്കുന്ന സാഹചര്യത്തിൽ റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അടിയന്തരയോഗം വിളിച്ച് അഡ്വ പ്രമോദ് നാരായൺ എംഎൽഎ. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായി പഞ്ചായത്തുകൾ തോറും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാൻ തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളിൽ ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ നിർമ്മാണ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. പ്രധാന പമ്പുകളിൽ അഡീഷണൽ മോട്ടോറുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ സൂരജ് നായർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷീജ സെലിൻ , സൂപ്രണ്ടിoഗ് എൻജിനീയർ പി വി സന്തോഷ് കുമാർ, എക്സി. എൻജിനീയർമാരായ എസ് ജി കാർത്തിക, എബ്രഹാം വർഗീസ്, വിപിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പദ്ധതികൾ പൂർത്തിയാക്കും
@ അങ്ങാടി കൊറ്റനാട് പദ്ധതിയുടെ പ്ലാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ 80 ശതമാനം പൂർത്തീകരിച്ചു. റോ വാട്ടർ പമ്പിംഗ് ലൈൻ ടെൻഡർ ആകുന്നുണ്ട് . പമ്പാനദിയിൽ കിണർ കുഴിച്ച് വെള്ളമെടുക്കുന്നതിനുള്ള ജോലികൾ സാങ്കേതിക അനുമതിക്കായി നൽകിയിരിക്കുകയാണ്. ഇത് കിട്ടുന്നമുറയ്ക്ക് നിർമ്മാണം ടെൻഡർ ചെയ്യാനാകും.
@ ചെറുകോൽ പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതിയുടെ പ്ലാന്റിന്റെയും ടാങ്കിന്റെയും നിർമ്മാണം ഉടൻ ടെൻഡർ ചെയ്യും. നാറാണംമൂഴി പഞ്ചായത്തിൽ കരാറുകാരൻ പ്രവൃത്തി ചെയ്യാത്തതിനാൽ അയാളെ ഒഴിവാക്കി അടുത്ത ദിവസം പുതിയ കരാർ ക്ഷണിക്കും.
@ അങ്ങാടി പമ്പ് ഹൗസിൽ 15ന് ശേഷം കിണർ വൃത്തിയാക്കും ഇവിടെപമ്പിംഗിന് ആവശ്യമായ വെള്ളം എത്തിക്കാനുള്ള തടയണയുടെ നിർമ്മാണം ടെൻഡർ ചെയ്തു. പെരുനാട് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടൻ പരിഹരിക്കും. കോട്ടാങ്ങൽ പഞ്ചായത്തിലെ പെരുമ്പാറ , മലമ്പാറ ഭാഗങ്ങളിൽ പൈപ്പിടുന്ന ജോലികൾ പുരോഗമിക്കുന്നു.
@ റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കൽ കോളനിയിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിൽ ഉടൻ നടപടി സ്വീകരിക്കും. വെച്ചുച്ചിറ പഞ്ചായത്തിൽ ടാങ്കുകളുടെ നിർമ്മാണം നടക്കാത്തതിനാൽ കരാറുകാരനെ ഒഴിവാക്കി എസ്റ്റിമേറ്റ് പുതുക്കി പദ്ധതി ഉടൻ ടെൻഡർ ചെയ്യും. പഴവങ്ങാടി പഞ്ചായത്തിലെ ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതർ പരിശോധന നടത്തി നടപടികൾ നിർദ്ദേശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |