ജാമ്യത്തിലിറങ്ങി; മോഷണക്കേസിൽ വീണ്ടും അറസ്റ്റിൽ
ചെങ്ങന്നൂർ: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ വെൺമണി പൊലീസിന്റെ പിടിയിലായി. തിരുവല്ല തുകലശ്ശേരിൽ പൂമംഗലം വീട്ടിൽ ശരത് പി.എസ് (40) ആണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന വെൺമണി സ്വദേശിയുടെ ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിൽ നിന്ന് ഏകദേശം 100 വർഷം പഴക്കമുള്ള 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രം, സ്റ്റീൽ - പിത്തള ടാപ്പുകൾ ഉൾപ്പെടെ രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കുന്നതായിരുന്നു പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡിവൈ.എസ്.പി സന്തോഷ് കുമാർ ജെയുടെ മേൽനോട്ടത്തിൽ വെൺമണി സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാൽപ്പതോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. പകൽ സമയങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. വെൺമണി എസ്.ഐ രതീഷ് ബാബു ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ് വി, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ എസ്, വിശാഖ് തമ്പി, ആകാശ് കൃഷ്ണൻ എന്നിവർ ചേർന്നാണ് കുരമ്പാലയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
മോഷണ സാധനങ്ങൾ വിറ്റ ആക്രിക്കടയിൽ നിന്ന് സാധനങ്ങൾ വീണ്ടെടുത്ത ശേഷം പ്രതിയെ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.