കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ പൊളിഞ്ഞ പാളികൾ നീക്കി, ഭീതിയൊഴിഞ്ഞു

Thursday 14 May 2026 10:51 PM IST
കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ പൊളിഞ്ഞ പാളികൾ നീക്കിയപ്പോൾ

തിരുവല്ല : നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ബഹുനില സമുച്ചയത്തിന്റെ പുറംചട്ടയിൽ തൂങ്ങിക്കിടന്ന അലൂമിനിയം ഷീറ്റുകളും ഗ്ലാസ് പാളികളും നീക്കി. യാത്രക്കാർക്ക് ഭീഷണിയായി ഷീറ്റുകളും ചില്ലുപാളികളും തൂങ്ങിക്കിടക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും പാളികൾ അടർന്നു വീഴുമെന്ന് ആളുകളിൽ ഭീതിയുയർത്തി. 35 മീറ്ററോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് അധികൃതർ തട്ടുകളുണ്ടാക്കി. തൊഴിലാളികൾ അതിൽകയറി മുകളിലെത്തിയാണ് ഇവ നീക്കം ചെയ്തത്. മറ്റു ചില അറ്റകുറ്റപ്പണികൾ കൂടി ചെയ്തുവരികയാണ്. കെട്ടിടത്തിന്റെ ചുമതലയുള്ള കെ.ടി.ഡി.എഫ്.സി അധികൃതരാണ് പണികൾ നടത്തിയത്.