ആളില്ലാത്ത വീട്ടിൽ മോഷണം ; സ്വർണം ഉൾപ്പെടെ കവർന്നു 

Saturday 23 May 2026 11:45 PM IST

തിരുവല്ല : മനക്കച്ചിറയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും സാധനസാമഗ്രികളും കവർന്നു. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടിൽ പരേതനായ എം.കെ രാമചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. രാമചന്ദ്രൻ നായരുടെ മകൻ ഇന്നലെ രാവിലെ 10ന് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തിറഞ്ഞത്. രാമചന്ദ്രൻ നായരുടെ മക്കൾ മറ്റ് സ്ഥലങ്ങളിലാണ് താമസം. ഒരു വർഷം മുമ്പ് രാമചന്ദ്രൻ നായർ മരിച്ചതിന് ശേഷം വീട്ടിൽ താമസമില്ല. ടി.വിയും ഇൻവർട്ടറും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ സ്വർണ മോതിരവും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ 4 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. . വീടിന്റെ പിൻവശത്തെ മുറിയുടെ വെന്റിലേറ്റർ തകർത്തിട്ടുണ്ട്. ഇതുവഴിയാവാം മോഷ്ടാക്കൾ അകത്തു കയറിയതെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ പിന്നിലെ രണ്ട് വാതിലുകളും അകത്തുനിന്ന് തുറന്ന നിലയിലായിരുന്നു. മൂന്ന് കിടപ്പുമുറികളിലെയും അലമാരകൾ കുത്തിത്തുറന്നിട്ടുണ്ട്. അലമാരയിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടിരിക്കുകയാണ്. തിരുവല്ല എസ്.എച്ച്.ഒ കെ.എസ് സുജിത്ത്, എ.എസ്.ഐ ജോജോ ജോസഫ് എന്നിവർ സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസികൾ മോഷണ സംഘത്തിന്റെ പിന്നിലുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്