അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
Thursday 28 May 2026 1:01 AM IST
പുളിക്കീഴ് : അയൽവാസിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരണം കുരട്ടിയിൽ വീട്ടിൽ സോമൻ(64)നെ പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു. നിരണം കൊച്ചുമുറ്റത്തേതിൽ തങ്കച്ചൻ (63) നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ തങ്കച്ചനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മാന്നാറിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന തങ്കച്ചനെ രണ്ടാംകുരിശിൽ വെച്ചാണ് സോമൻ തടഞ്ഞുനിറുത്തി ആക്രമിച്ചത്. പുളിക്കീഴ് സബ് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ രവികുമാർ, അനീഷ്, സുദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.