പുറമറ്റം സ്​കൂളിലെ പഴയ കെട്ടിടം പൊളിക്കും

Friday 29 May 2026 11:42 PM IST

പുറമറ്റം : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്​കൂളിലെ അൺഫിറ്റായ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ അറിയിച്ചു. രണ്ടു വർഷം മുമ്പ് പുതിയ കെട്ടിടനിർമ്മാണത്തിനാവശ്യമായ തുക സർക്കാർ അനുവദിച്ചിരുന്നുവെങ്കിലും, പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലെ അനാസ്ഥ മൂലം ആരംഭിക്കാനായില്ല. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ പദ്ധതി മുഴുവൻ പ്രതിസന്ധിയിലാക്കി. 113 വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഏകദേശം 7000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നതിനായി 1.50 കോടി രൂപയാണ് മുൻ എംഎൽഎ മാത്യു ടി തോമസിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ചത്. അഞ്ചു ക്ലാസ് മുറികളും സ്റ്റാഫ് റൂമും ലാബ് സൗകര്യവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യവുമുണ്ട്. ഹൈസ്​കൂൾ വിഭാഗത്തിലെ ഓഫീസ് മുറിയും അഞ്ച്, ആറ് ക്ലാസുകളും പഴയകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കു​ന്നത്. . വിദ്യാർത്ഥികളുടെ സുരക്ഷയും പഠനാന്തരീക്ഷവും മുൻനിർത്തി കെട്ടിടം പൊളിക്കുന്നതിനും പുതിയ നിർമ്മാണം ആരംഭിക്കുന്നതിനുമുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. . സുരക്ഷിതവും ആധുനികവുമായ പഠനസാഹചര്യം ഒരുക്കുന്നതിനായി പുതിയ കെട്ടിടം അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് നാട്ടുകാരും രക്ഷിതാക്ക​ളും.