പ്രമാടം പൂങ്കാവ് മല്ലശേരി എസ്.ബി.ഐ ശാഖയിൽ തീപിടിത്തം

Wednesday 03 June 2026 12:04 AM IST

പ്രമാടം : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രമാടം പൂങ്കാവ് മല്ലശേരി ശാഖയിൽ ഇന്നലെ രാവിലെയുണ്ടായ തീപി​ടി​ത്തത്തി​ൽ നിരവധി​ ഫയലുകൾ ഭാഗികമായി കത്തിനശിച്ചു. ഇടപാടുകാർ എത്തുന്നതിന് മുമ്പായി​രുന്നു സംഭവം. രാവിലെ ഒൻപതോടെ ജീവനക്കാർ എത്തി ബാങ്ക് തുറന്നപ്പോൾ ഉള്ളിൽ പുക നി​റഞ്ഞി​രുന്നു.

ജീവനക്കാരും സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ഉള്ളിൽ കടക്കാൻ ശ്രമിച്ചപ്പോഴേക്കും തീ പടർന്നു. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി 11 മണിയോടെയാണ് തീ അണച്ചത്. പണവും സ്വർണ്ണവും സൂക്ഷിച്ചിരിക്കുന്ന ലോക്കറുകളിലേക്ക് തീ പടർന്നി​രുന്നി​ല്ല. ഇടപാടുകൾ സംബന്ധിച്ചതും ബാങ്കുമായി ബന്ധപ്പെട്ടതുമായ രേഖകളാണ് കത്തിനശിച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റു. ഇന്നലെ ബാങ്ക് പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. ഫയലുകൾ സൂക്ഷിച്ചിരുന്ന റെക്കാഡ്സ് മുറിയിലെ മിനി ട്രാൻസ്ഫോർമറിൽ നിന്നുണ്ടായ ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കെ.എസ്.ഇ.ബി അധികൃതർ പരിശോധന നടത്തി. എസ്.ബി.ഐയുടെ ഉയർന്ന ഉദ്യോഗസ്ഥരും ബാങ്കിൽ എത്തിയിരുന്നു. ബാങ്ക് ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനം കാര്യക്ഷമല്ലെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സും കെ.എസ്.ഇ.ബിയും സംയുക്തമായി സുരക്ഷാ ഓഡിറ്റിംഗ് നടത്തും.

അപകട കാരണം ഷോർട്ട് സർക്യൂട്ട്,

ഫയലുകൾ കത്തി നശിച്ചു

ബാങ്കി​ന്റെ പ്രവർത്തനം തടസപ്പെട്ടു,

ഫയർ അലാറം മുഴങ്ങി​യി​ല്ല

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിക്കേണ്ട അഗ്നിരക്ഷാ ഉപകരണങ്ങൾ മല്ലശേരി എസ്.ബി.ഐ ശാഖയിൽ ഉണ്ടായിരുന്നെങ്കിലും അപകട മുന്നറിയിപ്പ് നൽകേണ്ട ഫയർ അലാറവും അഗ്നിബാധ ഉണ്ടായാൽ അടിയന്തിരമായി പ്രവർത്തിക്കേണ്ട ഓട്ടോമാറ്റിക്ക് വാട്ടർ സ്പ്രേ സിസ്റ്റവും പ്രവർത്തിച്ചില്ല. സാധാരണ നിലയിൽ അഗ്നിബാധ ഉണ്ടായാൽ ഫയർ അലാറം മുഴങ്ങി അപകട മുന്നറിയിപ്പ് നൽകുകയും വാട്ടർ ഫയർ ലൈൻ ലോക്ക് തനിയെ പൊട്ടി വെള്ളം സ്പേ ചെയ്ത് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്യണം. ഫയർ ഫോഴ്സ് എത്താൻ വൈകിയിരുന്നെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.

എയർ ഹോൾ ഇല്ല

തീ പിടിത്തമുണ്ടായ നിരവധി ഫലയുകളും രേഖകളും സൂക്ഷിച്ചിരുന്ന റെക്കോഡ്സ് റൂമിന് എയർ ഹോൾ ഇല്ലായിരുന്നു. ബാങ്കിന് ഉള്ളിലെ ഒരു മുറിയിൽ അലമാരകളിലും അല്ലാതെയുമാണ് ഇവ സൂക്ഷിച്ചിരുന്നത്. അലമാരകൾക്ക് മുകളിൽ ഫയലുകൾ അടുക്കിവച്ചിരുന്നതിനിടയാണ് മിനി ട്രാൻസ് ഫോർമർ സ്ഥാപിച്ചിരുന്നത്. വായു സഞ്ചാരമില്ലാത്തതിനാൽ ഇത് ചൂടായി ഷോർട്ട് സർക്ക്യൂട്ട് ഉണ്ടായതാകാമെന്നാണ് പ്രാഥമി​ക നിഗമനം.