കോന്നി : എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയായും എസ്. എൻ ട്രസ്റ്റ് സെക്രട്ടറിയായും എസ്.എൻ.ട്രസ്റ്റ് മെഡിക്കൽ മിഷൻ ചെയർമാനായും വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡിസംബർ 5ന് ചേർത്തല എസ്. എൻ കോളേജ് ഗ്രൗണ്ടിൽ സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ കൊവിഡ് കാരണം ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം തത്സമയം വീക്ഷിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണം പത്തനംതിട്ട യൂണിയൻ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഒരുക്കുന്നു. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഡോക്യൂമെന്ററി പ്രദർശനവും 4 മുതൽ 5 വരെ ഉദ്ഘാടന സമ്മേളനവും തത്സമയം വീക്ഷിക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാറും സെക്രട്ടറി ഡി.അനിൽകുമാറും പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന വലിയ എൽ.ഇ.ഡി സ്ക്രീനുകളിലൂടെ തത്സമയ സംപ്രേക്ഷണം നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ സീറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തും. 2 മണി മുതൽ പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും കോന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിന്റെ ബസുകളും ക്രമീകരിച്ചിട്ടുണ്ട്. പരിപാടി അവസാനിച്ചതിന് ശേഷം തിരികെയും ബസ് സൗകര്യം ഉണ്ടാകും. യൂണിയന്റെ കീഴിലുള്ള ശാഖകളുടെയും പോഷക സംഘടനകളായ വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, വൈദികസംഘം,ബാലജനയോഗം, മൈക്രോ ഫിനാസ് ഗ്രൂപ്പുകൾ, എംപ്ലോയിസ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ചേർത്തലയിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ. ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും യൂണിയനുകളുടെയും, പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഭവന നിർമ്മാണ പദ്ധതി, സിവിൽ സർവീസ് കോച്ചിംഗ് പദ്ധതി, സൗജന്യ വിദ്യാഭ്യാസ പദ്ധതി, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് തുടക്കം കുറിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |