പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബിന്റെ പതിനാറാമത് കഥകളിമേളയുടെ ഒരുക്കങ്ങൾ അയിരൂർ ചെറകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ പൂർത്തിയായി. ഇന്ന് തിരിതെളിയുന്നതോടെ ഏഴ് രാപ്പകലുകൾ നീളുന്ന കഥകളി മഹോത്സവത്തിന് തുടക്കമാകും. 12 ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആസ്വാദനക്കളരികൾ പകൽ കഥകളി, കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന രാത്രി നടക്കുന്ന കളി അരങ്ങുകൾ ഇവ മേളയുടെ പ്രത്യേകതയാണ്. പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളിലുമായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ കളരികളിൽ പങ്കെടുക്കും.
ഇന്ന് രാവിലെ 10.30ന് സാംസ്‌കാരികമന്ത്രി വി.എൻ.വാസവൻ കഥകളിമേള ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, കഥകളി ക്ലബ്ബ് പ്രസിഡന്റ് വി.എൻ.ഉണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, അയിരൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് അനിതാക്കുറുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പ്രസാദ്, ക്ലബ്ബ് വർക്കിംഗ് പ്രസിഡന്റ് ടി.ആർ.ഹരികൃഷ്ണൻ, സെക്രട്ടറി വി.ആർ.വിമൽരാജ് എന്നിവർ പ്രസംഗിക്കും.
2022 ലെ ക്ലബ്ബിന്റെ നാട്യഭാരതി അവാർഡ് കഥകളി മദ്ദള വാദകൻ കലാമണ്ഡലം ശങ്കരവാര്യർക്കും പ്രൊഫ.എസ്.ഗുപ്തൻനായർ അവാർഡ് കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിനും നൽകും. കഥകളിയുടെ സമഗ്ര സംഭാവനയ്ക്കുള്ള കേരള കലാമണ്ഡലത്തിന്റെ എം.കെ. കെ.നായർ പുരസ്‌കാരം ലഭിച്ച ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജിനെ ആദരിക്കും.
രാവിലെ 11ന് നടക്കുന്ന കഥകളി ആസ്വാദന കളരിയിൽ നളചരിതത്തിലെ കേശിനീമൊഴി പ്രലോഭനം എന്നീ രംഗങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 5.30 ന് സന്ധ്യാ കേളി. 6.30 ന് പകുതിപ്പുറപ്പാടോടുകൂടി കീർമ്മീരവധം കഥകളി അവതരിപ്പിക്കും. കെ.എൽ.കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും. സജനീവ് ഇത്തിത്താനം കഥാവിവരണം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |