തോറ്റംപാട്ടിൽ ഭർത്താവിന്റെ
ജീവൻ വീണ്ടെടുത്ത് ദേവി
കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്ന് വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്ന ഭാഗമാണ് ഇന്ന് തോറ്റംപാട്ടിൽ അവതരിപ്പിക്കുന്നത്. ' ഒരു കണ്ണു കൊണ്ട് കൊല്ലാനും മറുകണ്ണു കൊണ്ട് തോറ്റാനും കഴിവുള്ള ദേവി'യാണ് പാട്ടിൽ നിറയുന്നത്. തോറ്രുക എന്നാൽ സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നാണ് അർത്ഥം. ഇന്ന് ക്ഷേത്രനട പതിവിലും വൈകി രാവിലെ 7നാണ് തുറക്കുന്നത്.
രാഹുദോഷശാന്തിക്ക്
നാരങ്ങാവിളക്ക്
ആറ്റുകാൽ ദേവീക്ഷേത്ര നടയിൽ നാരങ്ങാവിളക്ക് തെളിക്കാൻ തിരക്കാണിപ്പോൾ. രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണിത്. ഭക്തർ നേരിട്ട് സമർപ്പിക്കുന്ന ഒരു ഹോമത്തിന്റെ ഫലമാണ് നാരങ്ങാവിളക്ക് തെളിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും വിവാഹതടസം നീങ്ങുന്നതിനും നാരങ്ങാവിളക്ക് തെളിക്കുന്നത് ഉത്തമമത്രേ. ചൊവ്വ,വെള്ളി ദിനങ്ങളിലിത് സവിശേഷമാണ്.
നാരങ്ങാവിളക്ക് സമർപ്പിക്കുന്നത് ഇങ്ങനെ: നാരങ്ങാ നടുവേ പിളർന്നശേഷം നീരുകളഞ്ഞ് പുറംതോട് അകത്തുവരത്തക്കരീതിയിൽ ചിരാത് പോലെയാക്കണം. ഇതിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ചുവേണം തിരിതെളിക്കാൻ. തെളിക്കുന്ന നാരങ്ങാവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. അതായത് എത്ര നാരങ്ങാ എടുക്കുന്നുവോ അതിൽ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിക്കണം. പൊതുവെ അഞ്ച്,ഏഴ്,ഒമ്പത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത്. അമ്ലഗുണമുള്ള നാരങ്ങയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. തിരി തെളിക്കുന്നതിലൂടെ ഭക്തനിലുള്ള എല്ലാ നെഗറ്റീവ് ഊർജവും നിഷ്പ്രഭമാകും. ദേവിയുടെ നടയ്ക്കുമുന്നിൽ നാരങ്ങാവിളക്ക് തെളിച്ച് ഭക്തിയോടെ പ്രാർത്ഥിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |