ആറ്റിങ്ങൽ: കായികപ്രേമികൾക്ക് ആശ്വാസമായി മുദാക്കലിൽ കോളൂർ സ്റ്റേഡിയം ഒരുങ്ങുന്നു. സംസ്ഥാന കായികവകുപ്പ് ഒരുകോടി രൂപ വകയിരുത്തിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സംരക്ഷണ ഭിത്തിക്കുള്ള പാറയും ഇറക്കി. ദേശത്തെ കായികപ്രേമികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ 30 വർഷം മുമ്പ് സ്റ്റേഡിയം നിർമ്മിക്കാൻ തീരുമാനമായത്. അന്ന് ഭൂമിവാങ്ങി മണ്ണിടിച്ച് നിരപ്പാക്കിയതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്റ്റേഡിയത്തിന്റെ രണ്ട് വശങ്ങളും വലിയ കുഴികളായതിനാൽ ചുറ്റുമതിലോ സംരക്ഷണഭിത്തിയോ നിർമ്മിച്ചെങ്കിലേ സ്റ്റേഡിയം പൂർണമായും ഉപയോഗിക്കാൻ കഴിയൂ. സ്റ്റേഡിയം നവീകരിച്ചാൽ മുദാക്കൽ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ നഗരസഭയിലെയും കായികപ്രേമികൾക്ക് വലിയ സഹായകമാകും. കായികവകുപ്പ് സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങിയത് കായികപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
വകയിരുത്തിയത്....... 1കോടി
ആദ്യഘട്ടത്തിൽ
ടോയ്‌ലെറ്റ്, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും
കെട്ടിടം നാശത്തിലേക്ക്
സ്റ്റേഡിയം നവീകരിക്കണമെന്ന് കായികപ്രേമികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2013ൽ സ്റ്റേഡിയത്തിന്റെ അറ്റത്ത് പഞ്ചായത്ത് രണ്ട് മുറികളും ടോയ്‌ലെറ്റുമുള്ള ഒരു കെട്ടിടം നിർമ്മിച്ചതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ നടന്നില്ല. ഉപയോഗം തീരെയില്ലാത്ത കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും എല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്തില്ലെങ്കിൽ കെട്ടിടം ഉപയോഗശൂന്യമാകും. കെട്ടിടത്തിൽ നിലവിൽ വെള്ളമോ വൈദ്യുതിയോ ഇല്ല.
പ്രതീക്ഷയോടെ...
ആറ്റിങ്ങൽ വലിയകുന്നിൽ ശ്രീപാദം സ്റ്റേഡിയമുണ്ടെങ്കിലും ഇവിടെ എല്ലാവർക്കും പ്രവേശനമില്ല.
കോളൂർ സ്റ്റേഡിയം നവീകരിച്ചാൽ ആറ്റിങ്ങലിലെ കായികതാരങ്ങൾക്കും പരിശീലനത്തിന് സൗകര്യമാകും. ഒപ്പം വ്യായാമത്തിനിറങ്ങുന്നവർക്കും സഹായകമാകുമെന്നാണ് പ്രതീക്ഷ. സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ കുറവാണെങ്കിലും പ്രദേശിക മത്സരങ്ങളും വിവിധ കായിക പരിശീലനങ്ങളും ഇവിടെ നടന്നിരുന്നു. സ്റ്റേഡിയത്തിലെ മണ്ണൊലിപ്പ് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇവയുടെ സംഘാടകരാണ് നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |