മാമത്തെ സ്വീവേജ് പ്ലാന്റ് നീക്കം ഉപേക്ഷിച്ച് നഗരസഭ

Sunday 26 January 2025 2:39 AM IST

ആറ്റിങ്ങൽ: മാമത്ത് സ്വീവേജ് പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കമുപേക്ഷിച്ച് നഗരസഭ. ആറ്റിങ്ങലിന്റെ ടൗൺഷിപ്പായി മാമം മാറിവരുന്ന സാഹചര്യത്തിൽ ഇവിടെ സ്വീവേജ് പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നഗരസഭ മാർച്ചടക്കം നിരവധി തുടർസമരങ്ങൾ നടത്തി. ആറ്റിങ്ങൽ പട്ടണം മാമത്തേക്ക് പറിച്ചുനടുന്നതിന്റെ മുന്നൊരുക്കങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നാഷണലൈസ്ഡ് ബാങ്കുകൾ, നിരവധി സർക്കാർ ഓഫീസുകൾ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ഇപ്പോൾ ബൈപ്പാസ്, വൻകിട ആശുപത്രി ക്ഷേത്രങ്ങൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവ ടൗൺഷിപ്പിനായി മാറ്റുന്നതിനിടയിലാണ് പട്ടണമദ്ധ്യത്ത് സ്വീവേജ് പ്ലാന്റ് തുടങ്ങാൻ നഗരസഭ തീരുമാനിക്കുന്നത്. ശുചിത്വത്തിന് പേരുകേട്ട ആറ്റിങ്ങലിലെ ഖരമാലിന്യ പ്ലാന്റിനോട് ചേർന്ന് ആദ്യഘട്ടത്തിൽ സ്വീവേജ് പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. മാലിന്യപ്ലാന്റിനായി മാമം പാലത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി നഗരസഭ കണ്ടെത്തിയതിനിടയിലാണ് പ്ലാന്റിനെതിരെ പ്രക്ഷോഭ സമരം പ്രഖ്യാപിച്ച് പ്രദേശവാസികൾ ഒത്തുകൂടിയത്.

പദ്ധതിച്ചെലവ് - 4.75 കോടി

കേന്ദ്രസർക്കാർ അനുവദിച്ച 4.75 കോടി രൂപയിലാണ് പ്ലാന്റ് നിർമ്മാണം. ഖരമാലിന്യ പ്ലാന്റിൽ സ്ഥലമുണ്ടെങ്കിലും മാലിന്യം കൃത്യസമയത്ത് സംസ്കരിക്കാത്തത് മാലിന്യം കുമിഞ്ഞു കൂടുന്നതിന് കാരണമാവുന്നു. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്ലാന്റിന്റെ നിർമ്മാണം വൈകിയതിനെത്തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് മാമത്ത് തുടങ്ങാൻ നീക്കം നടത്തുകയായിരുന്നു.

സംസ്ഥാനത്ത് മൂന്നിടങ്ങളിൽ

കേരളത്തിൽ വയനാട്ടിലും എറണാകുളം വെല്ലിംഗ്ടൺ ഐലന്റിലും തിരുവനന്തപുരം മുട്ടത്തറയിലുമാണ് ഇത്തരം പ്ലാന്റുകൾ പ്രവർത്തിക്കുന്നത്.

ഫണ്ട് നഷ്ടപ്പെടും

സാമ്പത്തിക വർഷത്തിൽ തന്നെ പ്ലാന്റ് നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന് വിലയിരുത്തൽ.