വിദേശത്ത് 3 കോടിയുടെ തട്ടിപ്പ് : ഒരാൾ പിടിയിൽ
കഴക്കൂട്ടം: ബഹ്റിൻ മനാമയിൽ മലയാളിയുടെ കമ്പനിയിൽ നിന്ന് മലയാളികളായ അക്കൗണ്ടന്റുമാർ മൂന്ന് കോടിയോളം തട്ടിയെടുത്തതായി പരാതി. പ്രതികളിൽ ഒരാളായ തിരുവനന്തപുരം സ്വദേശി വൈശാഖിനെ മനാമ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ രണ്ടാമൻ രാജ്യം വിട്ടതായാണ് വിവരം. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീൽ ആൻഡ് ഫാബ്രിക്കേഷൻ കമ്പനിയിൽ 2017 മുതൽ ജോലി ചെയ്തു വരുന്നവരാണ് തട്ടിപ്പ് നടത്തിയത്. ഇരുവരും ചേർന്നാണ് സ്ഥാപനത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത്. ശമ്പളയിനത്തിലും മറ്റുമായി കണക്കുകളിൽ അധിക തുക എഴുതിച്ചേർത്താണ് തട്ടിപ്പുനടത്തിയത്. മാസം 50,000 രൂപ വരെ അധികമായി എഴുതിച്ചേർത്തെന്നാണ് കണ്ടെത്തൽ. 2020 മുതലുള്ള സാലറി ഇനത്തിൽ മാത്രം നടത്തിയ തിരിമറിയുടെ കണക്ക് വിവരങ്ങളാണ് നിലവിൽ പുറത്തുവന്നത്. ഇതിന് പുറമേ, കമ്പനിയിലെ സപ്ലയർമാരുമായി നടത്തിയ ഇടപാടുകളും മറ്റു സെയിൽ വിവരങ്ങളും അടക്കം 2017 മുതൽ ഇരുവരും കൈകര്യം ചെയ്ത എല്ലാ കണക്കുകളും പരിശോധിച്ചുവരികയാണ്. രാജ്യം വിട്ട പ്രതിയുടെ ഗർഭിണിയായ ഭാര്യയും മാതാവും സഹോദരിയും ബഹ്റിനിലുണ്ടായിരുന്നു. പ്രശ്നങ്ങൾക്ക് ശേഷം മാതാവും ഭാര്യയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതേസ്ഥാപന ഉടമയുടെ സ്പോൺസർഷിപ്പിലാണ് സഹോദരി ബഹ്റിനിൽ ജോലിചെയ്യുന്നത്. പ്രതികളുടെ ജീവിത രീതിയിലെ മാറ്റങ്ങളിൽ സംശയം തോന്നിയ സ്ഥാപന ഉടമ നടത്തിയ സൂക്ഷ‍്മ പരിശോധനയിലാണ് തട്ടിപ്പ് പുറത്തറിയുന്നത്.