വനിതാ ഡോക്ടറെ രോഗി മർദ്ദിച്ചു
ഉള്ളൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അർദ്ധബോധാവസ്ഥയിൽ മർദ്ദിച്ച അപസ്മാര രോഗിക്കെതിരെ കേസ്. 24ന് പുലർച്ചെ 4ഓടെ അത്യാഹിത വിഭാഗത്തിന്റെ ഭാഗമായ വാർഡ് 22ൽ വച്ചാണ് സർജറി വിഭാഗത്തിലെ മൂന്നാംവർഷ പി.ജി ഡോക്ടർക്ക് മർദ്ദനമേറ്റത്.
ഇവരുടെ പരാതിയെ തുടർന്നാണ് വർക്കല സ്വദേശി നാവാസിനെതിരെ (57) മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. അപസ്മാരം വന്ന് നിലത്ത് മറിഞ്ഞുവീണ് തലയിൽ പൊട്ടലുണ്ടായതിനെ തുടർന്നാണ് ഇയാൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്.ഇയാളെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ അർദ്ധബോധാവസ്ഥയിൽ യൂറിൻ ബാഗ് സ്വയം ഊരിയെടുക്കാൻ ശ്രമിക്കുന്നത് തടയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ശ്രമിക്കുന്നതിനിടെയാണ് മർദ്ദനമേറ്റത്.
രോഗിയുടെ ഇടത് കൈകൊണ്ടുള്ള മർദ്ദനത്തിൽ ഡോക്ടറുടെ മൂക്കിന് ക്ഷതം സംഭവിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തി, ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.