മദ്യലഹരിയിൽ ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ഓൺലൈൻ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

Tuesday 25 February 2025 1:25 AM IST

ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

കുളത്തൂർ: മദ്യലഹരിയിൽ യുവ ഡോക്ടർമാർ സഞ്ചരിച്ച ആഡംബര ജീപ്പ് നിയന്ത്രണം തെറ്റി മുന്നിൽ സഞ്ചരിച്ച ബെെക്കിലിടിച്ച് ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളിക്ക് ദാരുണാന്ത്യം.

ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച നെയ്യാറ്റിൻകര പാറശാല മുറിയതോട്ടം കുട്ടമാംവിള അശ്വതി ഭവനിൽ ശ്രീറാം (24) ആണ് മരിച്ചത്.ബൈക്കോടിച്ച ശ്രീറാമിന്റെ ബന്ധുവും സ്വീജി ഓൺലെെൻ ഭക്ഷണവിതരണ തൊഴിലാളിയുമായ പാറശാല പാത്തിരിയോട് കോളനി നിവാസിയുമായ ഷാനുവിനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 2.45ന് ദേശീയപാത 66 ആക്കുളം പാലത്തിൽ വച്ചായിരുന്നു അപകടം.ഓൺലൈൻ ഭക്ഷണവിതരണം കഴിഞ്ഞ് ശ്രീറാമും ഷാനുവും ബൈക്കിൽ കഴക്കൂട്ടം ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്നു.അതേദിശയിൽ പിന്നിലൂടെ അമിത വേഗതയിലെത്തിയ മഹീന്ദ്ര താർ നിയന്ത്രണം വിട്ട് ഇവരുടെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ബൈക്ക് നൂറ് മീറ്റർ അകലേക്ക് തെറിച്ചു. ശ്രീറാം ജീപ്പിന്റെ ഗ്ലാസിൽ തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു.ഓട്ടോ ഡ്രൈവറായ ബിജു - സോഫിയ ദമ്പതികളുടെ മകനാണ്.അനുജത്തി ശ്രീദേവി. നിർദ്ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു ശ്രീറാം. ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷം പി.എസ്.സി പഠനത്തിനിടയിൽ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഇളയച്ഛന്റെ മകൻ ഷാനുവിനൊപ്പം ശനിയും ഞായറും ഓൺലൈൻ ഭക്ഷണ വിതരണത്തിന് പോയിരുന്നത്. ബൈക്ക് പൂർണമായി തകർന്നു.

മദ്യലഹരിയിൽ താർ ഓടിച്ച് അപകടമുണ്ടാക്കിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയും കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയിലെ ഡോക്ടറുമായ വിഷ്ണു‌വിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു‌വിനൊപ്പം ജീപ്പിൽ സുഹൃത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിയുമായ ഡോ.അതുലും ഉണ്ടായിരുന്നു. ഇരുവരെയും തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജീപ്പ് ഓടിച്ച വിഷ്ണുവിനെതിരെയാണ് കേസെടുത്തത്. അപകടസ്ഥലത്ത് പൊലീസ് ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പാറശാല ശാന്തിനിലയം ശ്മശാനത്തിൽ സംസ്കരിച്ചു.