ഉദിയൻകുളങ്ങര: അതിർത്തി ഗ്രാമങ്ങൾ കഞ്ചാവ് മാഫിയ സംഘങ്ങളുടെ താവളമായി മാറിയെന്ന് ആക്ഷേപം. അന്യസംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട് വഴി അതിർത്തി പ്രദേശങ്ങളിലെത്തുന്ന കഞ്ചാവും മറ്റ് ലഹരിവസ്തുക്കളായ നിരോധിത പുകയില ഉത്പന്നങ്ങൾ, എം.ഡി.എം.എ തുടങ്ങിയവ എത്തിച്ചുനൽകാൻ വൻ ലോബികൾ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
അതിർത്തി മേഖലകളിലെത്തിച്ച് സൂക്ഷിക്കുന്ന ലഹരിവസ്തുക്കൾ ഇടനിലക്കാരുടെ ആവശ്യപ്രകാരം രാത്രികാലങ്ങളിലും പൊലീസ്,എക്സൈസ് ഓഫീസർമാർ ഡ്യൂട്ടി മാറുന്ന സമയങ്ങളിലുമായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതായാണ് സൂചന. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് എക്സൈസ് വകുപ്പ് വളരെ കുറച്ച് കേസുകൾ മാത്രമേ പ്രദേശങ്ങളിൽ നിന്നും പിടികൂടാറുള്ളൂ.
സ്കൂളുകൾ കേന്ദ്രീകരിച്ച്
ലഹരിമാഫിയ
സ്കൂളുകൾ തുറന്നതോടെ ലഹരിമാഫിയ സംഘങ്ങൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് തലപൊക്കി തുടങ്ങിയതായി സൂചനയുണ്ട്. ആഡംബര ബസുകളിൽ അടക്കം എത്തിക്കുന്ന ലഹരിമരുന്നുകൾ ചെറുസംഘങ്ങളായി പിരിഞ്ഞ് ഇരുചക്ര വാഹനത്തിൽ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് എത്തിക്കും. വിദ്യാർത്ഥികളുടെ വേഷത്തിൽ ബാഗുകളുമായി ആഡംബര ബൈക്കുകളിൽ അതിവേഗത്തിൽ പായുന്ന യുവാക്കളാണ് കാരിയർമാരായി പ്രവർത്തിക്കുന്നതിലേറെയും. ലഹരി മരുന്നുകളുമായി അതിർത്തി കടന്നെത്തുന്ന ഇവർ പൊലീസുകാരുടെയും എക്സൈസുകാരുടെയും കുണ്ണവെട്ടിച്ച് കടക്കാൻ നിരവധി ഇടറൂട്ടുകളും തെരഞ്ഞെടുത്തിട്ടുണ്ട്.
അരിഷ്ടം വിൽപ്പന ഏറുന്നു
ഗ്രാമപ്രദേശങ്ങളിലെ വൈദ്യശാലകളിൽ അരിഷ്ടം വിൽപ്പനകൾ കൂടുന്നു. ഇതിന്റെ ഉപഭോക്താക്കൾ കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. പല വൈദ്യശാലകളിലും എക്സൈസിന്റെയും, പൊലീസിന്റെയും പരിശോധനകൾ നടക്കാറുമില്ല. വിൽക്കുന്ന അരിഷ്ടത്തിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടോ എന്നുള്ള പരിശോധനകൾ മാസങ്ങൾക്കിടയിൽ നടത്തണമെന്ന് ചട്ടമുണ്ടെങ്കിലും അധികൃതർ പാലിക്കാറില്ല. അരിഷ്ട കച്ചവടത്തിൽ ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും കിട്ടുന്ന വൈറ്റ് റം കലർത്തി വിൽക്കുന്നതായും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |