
പാറശാല: കരമന - കളിയിക്കാവിള ദേശീയപാതയിൽ പരശുവയ്ക്കൽ പെട്രോൾ പമ്പിന് മുന്നിലെ കൊടുംവളവിലെ കുഴികൾ അപകടക്കെണിയാകുന്നു. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടത്. കുഴികളുണ്ടെന്ന വിവരം വാഹനങ്ങൾ അടുത്തെത്തിയാൽ പോലും അറിയാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണം.
കുഴികളിൽ വീണ് സ്ത്രീകൾ ഉൾപ്പെടെ നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് കൈകാലുകൾക്ക് പരിക്കേറ്റത്.
ദിനംപ്രതിയുണ്ടാകുന്ന പൈപ്പ് പൊട്ടലുകളാണ് റോഡിൽ കുഴികൾ രൂപപ്പെടുന്നതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന് നടുവിലൂടെ സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈൻ പൊട്ടിയത് കാരണം കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപാണ് നടുറോഡിലായി 12 മീറ്ററോളം നീളത്തിൽ കുഴികൾ രൂപപ്പെട്ടത്. പൈപ്പുകൾ കൂട്ടിയോജിപ്പിച്ചെങ്കിലും കുഴികൾ കുറ്റമറ്റ രീതിയിലടയ്ക്കാൻ വാട്ടർ അതോറിട്ടി തയ്യാറായില്ല.
നാട്ടുകാർ പരാതി നൽകിയെങ്കിലും,അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം.
ഇതിനിടെ കൺമുന്നിൽ കണ്ട അപകടത്തെ തുടർന്ന് പൊന്നംകുളം വാർഡ് മെമ്പർ സുനിൽകുമാർ, കുഴിയിൽ അപകടമുന്നറിയിപ്പായി കൊടി സ്ഥാപിച്ചിട്ടുണ്ട്.
ഇതോടെ അപകടക്കുഴി തിരിച്ചറിഞ്ഞ് വാഹനങ്ങൾ കുഴിയിൽ വീഴാതെ ഒഴിഞ്ഞുമാറി പോകുന്നുണ്ട്. എത്രയുംവേഗം കുഴി മൂടാനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |