
പൂവാർ: കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രത്യേക സ്ഥാനമുള്ള പൂവാറിൽ ടൂറിസം വികസനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകൾ വന്നുപോകുന്ന ഇടമായിട്ടും ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഒരു പദ്ധതിയും പ്രദേശത്തില്ലെന്ന ആക്ഷേപം ശക്തമാണ്. രണ്ട് ലൈഫ്ഗാഡുകളുണ്ടെങ്കിലും ഇവർക്കും സംരക്ഷണം വേണ്ടുന്ന അവസ്ഥയാണ്. സഞ്ചാരികളുടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും പൂർത്തീകരിച്ചിട്ടില്ല. പൂവാർ പൊഴിക്കരയ്ക്കും ഗോൾഡൻ ബീച്ചിനും അധികൃതർ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്.
പൂവാർ പൊഴിക്കര
നെയ്യാർ നദിയുടെ സംഗമ ഭൂമിയായ പൂവാർ പൊഴിക്കരയാണ് പ്രധാന ആകർഷണ കേന്ദ്രം. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പുള്ള ഇടത്താവളമാണ് പൂവാർ. എ.വി.എം കനാൽ തമിഴ്നാട്ടിലേക്ക് കടന്നുപോകുന്നതും ഇവിടെ നിന്നാണ്.പൊഴിയൂരിലെ കുരിശടിയും, എലിഫന്റ് റോക്കും,ബ്രേക്ക് വാട്ടറിലെ കണ്ടൽക്കാടുകളും, അവൂർവ സസ്യ,പക്ഷി,ജീവജാലങ്ങളും കാഴ്ചയുടെ വർണ്ണപ്പകിട്ടാണ്. കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സവാരിയാണ് പ്രധാന വിനോദം. നെയ്യാറും ചകിരിയാറും എ.വി.എം കനാലും കടന്ന് ബ്രേക്ക് വാട്ടിലെ ബോട്ടുസവാരി, മണൽപ്പരപ്പിലൂടെ കുതിക്കുന്ന കുതിരയും, ഒട്ടകസവാരികളും കൂട്ടത്തിലുണ്ട്.
സുരക്ഷ ഉറപ്പാക്കണം
പൂവാർ പൊഴിക്കരയിലെ പ്രധാന സർക്കാർ സ്ഥാപനം പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 2 ലൈഫ് ഗാഡുകളും പൂവാർ, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളും,13 കോസ്റ്റൽ വാർഡന്മാരും ഇതിന് ചുറ്റുമായുണ്ട്. എന്നാൽ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപകടഭീഷണിയിൽ
പൊഴിയൂരിൽ നിർമ്മിച്ച ഓഖി പാർക്ക് കടലെടുത്തു. പൂവാറിലെ ആയോധന കലാപരിശീലനകേന്ദ്രം ഒരു ചരിത്രസ്മാരകമെന്ന് തോന്നിപ്പിക്കുമെങ്കിലും അപകടഭീഷണി ഉയർത്തുന്നതാണ്.
ഗോൾഡൻ ബീച്ച് സംരക്ഷിക്കപ്പെടുന്നില്ല
പൂവാർ തീരം ഗോൾഡൻ ബീച്ച് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അവിടം വൃത്തിയാക്കാനും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാനും നടപടിയില്ല.സന്ധ്യ കഴിഞ്ഞാൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല. സോളാർ ലാംബുകളും മിഴിയടച്ച സ്ഥിതിയാണ്. കുട്ടികളുടെ പാർക്കും കാട്മൂടി. വൈകുന്നേരങ്ങളിൽ ഫുഡ്ബാൾ കളിക്കാൻ പ്രദേശത്തെ കുട്ടികൾ എത്തുന്നുവെന്നതാണ് ആശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |