
വിതുര: തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ പുളിച്ചാമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് ഒടുവിൽ ശാപമോക്ഷം.ഇനി സുഗമമായി ഇതുവഴി നടക്കാം.ജി.സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് റോഡ് കോൺഗ്രീറ്റ് ചെയ്തു. പുളിച്ചാമല പരപ്പാറ റോഡ് വർഷങ്ങളായി തകർന്ന് തരിപ്പണമായിരുന്നു. റോഡിൽ കുഴികൾ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. സ്കൂൾ വാഹനങ്ങളടക്കം നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനറോഡാണിത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ എം.പിക്കും, എം.എൽ.എയ്ക്കും, ത്രിതലപഞ്ചായത്തിലും പരാതി നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. നിരവധി സമരപരിപാടികളും സംഘടിപ്പിച്ചു.
റോഡിന്റെ ശോചനീയവസ്ഥയും, അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സി.പി.എം പുളിച്ചാമല ബ്രാഞ്ച്സെക്രട്ടറി നാഗരബിനുകുമാറും, തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാറും നിവേദനം നൽകിയതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഉദ്ഘാടനം ഉടൻ നടത്തുമെന്ന് എം.എൽ.എ അറിയിച്ചു.
അനുവദിച്ച തുക---36 ലക്ഷം രൂപ
വർഷങ്ങളായി തകർന്നുകിടന്ന പുളിച്ചാമല പരപ്പാറ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ച ജി.സ്റ്റീഫൻ എം.എൽ.എയ്ക്ക് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാറും,സി.പി.എം പുളിച്ചാമല ബ്രാഞ്ച് സെക്രട്ടറി നാഗര ബിനുകുമാറും നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |