
നെയ്യാറ്റിൻകര: ടി.ബി ജംഗ്ഷന് സമീപം മരുത്തൂരിലെ സംസ്ഥാന പാതയിലുള്ള പാലം അപകടക്കെണിയായി മാറുന്നു. സംസ്ഥാന പാതയിൽ മരുത്തൂർ തോടിന് കുറുകെയുള്ളതാണ് പാലം. വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ പണിത ഈ പാലത്തിന് നൂറ് വർഷത്തിലേറെ പഴക്കമുണ്ട്. 2019ലെ ഓഖി പെരുമഴയിൽ പാലത്തിന്റെ ഒരു വശം തകർന്നു. ഗതാഗത തടസമുണ്ടാകാതിരിക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ തൽക്കാലത്തേക്ക് ചെറിയ കൈവരി കെട്ടി പ്രശ്നം പരിഹരിച്ചെങ്കിലും ഒരു വലിയവിടവ് ഇപ്പോഴുമുണ്ട്. ഈ ഭാഗത്ത് പാഴ് ചെടികൾ വളർന്ന് കിടക്കുന്നതിനാൽ പെട്ടെന്ന് കുഴിയുള്ളത് അറിയാൻ കഴിയില്ല. ഇവിടെ സ്ട്രീറ്റ് ലൈറ്റുമില്ല. കൂരിരുട്ടിൽ ഇവിടേക്ക് വഴിയറിയാതെ എത്തുന്ന വാഹനങ്ങൾ അൻപത് അടിയിലേറെ താഴ്ചയുള്ള മരുത്തൂർ തോട്ടിൽ വീണതു തന്നെ.
വികസനം പാതിവഴിയിൽ
മുൻപ് ദേശീയ പാതയായിരുന്നതാണ് തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള ഈ റോഡ്. ദേശീയപാത കോവളം ബൈപ്പാസിലേക്ക് മാറ്റിയതോടെ ഇവിടം സംസ്ഥാന പാതയായി.
റോഡ് ആറുവരിപ്പാതയാക്കുവാനുള്ള ഹൈവേ അതോറിട്ടിയുടെ പണികൾ ബാലരാമപുരം ജംഗ്ഷനിലെത്തി നിലച്ചു. ഇതോടെ ഇങ്ങോട്ടേക്കുള്ള വികസന പ്രവർത്തനവും ചുവപ്പ് നാടയിൽ കുരുങ്ങി.
ചരിത്രം
ബ്രിട്ടീഷ് സർക്കാർ സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിച്ചതോടെ നിയുക്ത പ്രസിഡന്റ് എൻ.കെ.പത്മനാഭപിള്ളയെ അറസ്റ്റു ചെയ്യുവാൻ വന്ന സി.ഐ രാമൻപിള്ളയുടെ കാറ് 1938 ൽ നാട്ടുകാർ ചേർന്ന് തീയിട്ടത് ഈ പാലത്തിന് സമീപമാണ്. തുടർന്ന് നടന്ന വെടിവെയ്പിൽ നെയ്യാറ്റിൻകരയിൽ ഏഴ് പേർ മരിച്ചു. പാലത്തിന് അന്നുണ്ടായിരുന്ന വീതി തന്നെയാണ് ഇപ്പോഴും.
മരുത്തൂർ പാലം പഴയപടി
അമരവിളയിലും മാർത്താണ്ഡത്തുമൊക്കെ പുതിയ പാലം പണിതെങ്കിലും മരുത്തൂർ പാലം പുതുക്കിയില്ല.
അടിയന്തരമായി സംസ്ഥാന പാത വീതി കൂട്ടുകയും മരുത്തൂർ പാലം പുതുക്കി പണിയുകയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |