
പൈപ്പ് ലൈനിൽ കാറ്രുമാത്രം
വർക്കല: കോട്ടുമൂല,രാമന്തളി ഗ്രാലിക്കുന്ന് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ഒരാഴ്ചയിലേറെയായി കുടിവെള്ള വിതരണം നിലച്ചു. പൂർണമായും പൈപ്പ് ലൈൻ വെള്ളമാണ് പ്രദേശത്തെ ഏകാശ്രയം.ജലക്ഷാമമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. എന്നാൽ ജലവിതരണ മാനേജ്മെന്റിലെയും,വാൽവ് ഓപ്പറേഷനിലെയും ഗുരുതര വീഴ്ചകളാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് പൊതുജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. അമൃത് 2 കുടിവെള്ള പദ്ധതിയുടെ ഭാഗമായി എല്ലാവീടുകളിലും കണക്ഷനുകൾ നൽകിയതല്ലാതെ,ഇതുവഴി കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. 6.824 കോടി രൂപയുടെ സാങ്കേതികാനുമതിയിലാണ് ജല അതോറിട്ടി പ്രവൃത്തി നടപ്പിലാക്കിയത്. ബി.പി.എൽ വിഭാഗത്തിലെ മുഴുവൻ ജനങ്ങൾക്കും ജലവിതരണം സൗജന്യമാണെന്ന് പ്രഖ്യാപിച്ചെങ്കിലും പേരിനുപോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. തൊടുവേ കുടിവെള്ള പദ്ധതി തിരികെ കൊണ്ടുവരണമെന്നും നാട്ടുകാർ പറയുന്നു.
അവഗണനയിൽ
താഴ്ന്ന പ്രദേശങ്ങളിൽ ഇടവിട്ട് വെള്ളം ലഭിക്കുമ്പോഴും,ഉയർന്ന പ്രദേശങ്ങളിൽ ഒട്ടും കിട്ടുന്നില്ല.വായുവിന്റെ സമ്മർദ്ദം കൊണ്ട് മീറ്റർ കറങ്ങുന്നതുകൊണ്ട് വാട്ടർ ചാർജും അടയ്ക്കണം. പണം നൽകി കുടിവെള്ളം വാങ്ങിയാണ് പല കുടുംബങ്ങളും കഴിയുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വഴിസൗകര്യമില്ലാത്തവർക്കും ഇതിനും കഴിയാത്ത അവസ്ഥയാണ്.
വാൽവ് ഓപ്പറേഷൻ എങ്ങനെ
ജലസംഭരണിയിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം പോകുന്നത് വാൽവുകളിലൂടെ നിയന്ത്രിക്കപ്പെടുന്നു.ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാൻ താഴ്ന്ന പ്രദേശങ്ങളിലെ വാൽവുകൾ നിയന്ത്രിതമായി തുറക്കുകയും ആവശ്യമായ മർദ്ദം നിലനിറുത്തുകയും വേണം.സാധാരണയായി നിശ്ചിത സമയക്രമത്തിലാണ് വാൽവുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. എന്നാൽ വാൽവ് ഓപ്പറേഷൻ ശാസ്ത്രീയമല്ലാത്തതാണ് കുടിവെള്ള വിതരണം കാര്യക്ഷമാകാത്തതിന് കാരണം. ഒരേസമയം താഴ്ന്ന പ്രദേശങ്ങളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും വെള്ളം വിടുന്നതുമൂലം മർദ്ദം താഴുന്നു. പല വാൽവുകളും പഴകിയതും ശരിയായി പ്രവർത്തിക്കാത്തതുമാണ്.പരിശീലനം ലഭിക്കാത്ത ജീവനക്കാരാണ് പലപ്പോഴും വാൽവ് ഓപ്പറേറ്റ് ചെയ്യുന്നത്.
വാമനപുരം നദിയിൽ നിന്നുള്ള ജലം, മുല്ലശ്ശേരിക്കുന്നിൽ സ്ഥാപിച്ച 19 എം.എൽ.ഡി (മില്ല്യൺ ലിറ്റർ പെർ ഡേ) ശേഷിയുള്ള ശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിക്കും. തുടർന്ന് ശുദ്ധജലം രഘുനാഥപുരത്ത് സ്ഥിതിചെയ്യുന്ന 36 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല സംഭരണിയിലേക്ക് പമ്പ് ചെയ്ത് നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിലേക്ക് വിതരണം ചെയ്യും. ഇത് പര്യാപ്തമല്ല.
എസ്.പ്രസാദ്,
വർക്കല നഗരസഭ കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |