
പൂവാർ: തിരുപുറം മണ്ണക്കല്ലിൽ കോവളം-കാരോട് ബൈപ്പാസ് റോഡിന് കുറുകെയുള്ള ഫ്ലൈഓവറിന്റെ നിർമ്മാണം പൂർത്തിയായി. മിനുക്കുപണികൾ മാത്രം ശേഷിക്കെ ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകുന്നതായുള്ള ആരോപണമുണ്ട്. ബൈപ്പാസിന് കുറുകെ തിരക്കേറിയ പഴയകട-കുളത്തൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിന്റെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.
ഫ്ലൈഓവർ ഗതാഗതത്തിന് തുറക്കുന്നതോടെ മണ്ണക്കൽ പ്രദേശത്ത് സംഭവിക്കുന്ന അപകടങ്ങൾ കുറയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മാവിളക്കടവ്, പൂഴിക്കുന്ന്, കുളത്തൂർ ഭാഗത്തേക്കുള്ള യാത്രയും എളുപ്പമാകും. മണ്ണക്കല്ലിൽ മുന്നറിയിപ്പ് സംവിധാനങ്ങളും ശാസ്ത്രീയമായ രീതിയിൽ അപകടസൂചന നൽകുന്നതിനുള്ള സിഗ്നൽ സംവിധാനവും ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ചെലവ്.......3.37കോടി രൂപ
പ്രധാന റോഡ്
50 വർഷത്തോളമായി ബസ് സർവീസുള്ള റോഡിലാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. മണ്ണക്കല്ലിൽ നിന്നും പൂഴിക്കുന്ന്, പ്ലാമൂട്ടുക്കട വഴി പൊഴിയൂരിലേക്കും കളിയിക്കാവിളയിലേക്കും നീളുന്ന റോഡ് തിക്കേറിയതാണ്. തിരുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂൾ,തിരുപുറം മേജർ ശ്രീ മഹാദേവർ ക്ഷേത്രം, കഞ്ചാംപഴിഞ്ഞി ശ്രീ മുത്താരമ്മൻ ക്ഷേത്രം,വട്ടവിള സെന്റ് സേവ്യേഴ്സ് ചർച്ച്,മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് തുടങ്ങിയവ ഈ റോഡിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൂഴിക്കുന്ന്,മാവിളക്കടവ് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ നെയ്യാറ്റിൻകര,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഈ റോഡുവഴിയാണ്. പ്രധാന റോഡായതിനാൽ മണ്ണക്കല്ലിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തിരുപുറം പഞ്ചായത്ത് പാസ്സാക്കിയിരുന്നു. പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളും സമീപവാസികളും സംയുക്തമായി മണ്ണക്കല്ലിൽ ഉപവാസസമരം നടത്തിയിരുന്നു.
കഴക്കൂട്ടം-കാരോട് ബൈപ്പാസ്
പൂർണമായും തുറന്നു
കോവളം-കാരോട് കോൺക്രീറ്റ് റോഡ് പൂർത്തിയായതോടെ 43കിലോമീറ്റർ വരുന്ന കഴക്കൂട്ടം-കാരോട് ബൈപ്പാസ് പൂർണമായും തുറന്നു. അതോടെ കന്യാകുമാരി എക്സ്പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനം ബന്ധിപ്പിക്കപ്പെട്ടു. കാരോട് നിന്നും തമിഴ്നാട്ടിലെ ചുങ്കാൻകടയിലേക്കാണ് ഈ റോഡ് കടന്നുപോകുന്നത്.
ദേശീയപാതയുടെ ഭാഗമായി തോവാള വരെ പോകുന്ന റോഡ് കന്യാകുമാരി, തിരുനെൽവേലി ഭാഗങ്ങളിലായി രണ്ടായി പിരിയും. ഇവിടെയുള്ള റോഡുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ കഴക്കൂട്ടം-കാരോട് ബൈപ്പാസ് റോഡിൽ പതിന്മടങ്ങ് തിരക്കേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |