നെടുമങ്ങാട്: "പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി"എന്ന മഹാകവി കുമാരനാശാന്റെ പൂക്കാല വർണ്ണനയെ അനുസ്മരിപ്പിക്കുന്ന മലർവാടിയാണ് ആനാട് എൽ.പി സ്കൂൾ. ഓരോ വിദ്യാർത്ഥിയുടെ പേരിലും ഒരു ചെടി നട്ടുവളർത്തുന്ന വിദ്യാലയം. നിറയെ ചെടികളും മരങ്ങളും വെള്ളച്ചാട്ടവും വള്ളിക്കുടിലുകളും നിറഞ്ഞ ഹരിതാഭമായ വിദ്യാലയം. സംസ്ഥാന ജൈവവൈവിദ്ധ്യ പുരസ്കാരം മുതൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കി.
20ഡിവിഷനുകളിലേക്ക്
എട്ടു ഡിവിഷനുകളിൽ നിന്ന് 20ഡിവിഷനുകളിലേക്കായിരുന്നു സ്കൂളിന്റെ വളർച്ച. ഒരു ഡിവിഷനിൽ നിന്ന് 10ഡിവിഷനുകളിലേക്കാണ് ഈ സ്കൂളിലെ പ്രീ-പ്രൈമറി വളർന്നത്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ആദ്യമായി സ്വീകരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ച വിദ്യാലയങ്ങളിലൊന്ന്, പി.ടി.എ നേതൃത്വത്തിൽ ആദ്യം സമഗ്ര പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു, ദിനാചരണങ്ങൾക്ക് പ്രത്യേക പ്രോജക്ട്,പ്രതിദിന കവിതാപാഠം,കുട്ടികളുടെ റേഡിയോ സ്റ്റേഷൻ, പുസ്തകസമ്മാന പദ്ധതി എന്നിങ്ങനെയേറെ. ഇതിൽ പലതും പിന്നീട് സംസ്ഥാന മാതൃകകളായി.
റിയാലിറ്റി ഷോകളിൽ മാറ്റുരച്ച് ഒരുകോടി
കായികാരോഗ്യ പരിശീലനങ്ങൾക്ക് എസ്.സി.ഇ.ആർ.ടി സ്കൂളിൽ നടപ്പിലാക്കി വിജയിച്ച 'ഹെൽത്തി കിഡ്സും" ശ്രദ്ധേയമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ റിയാലിറ്റി ഷോകളിൽ രണ്ടും മൂന്നും സീസണുകളിൽ സ്കൂളിനായിരുന്നു വിജയം. രണ്ടാം സീസണിലെ വിജയത്തിന് ലഭിച്ച ഒരു കോടി രൂപ വിനിയോഗിച്ച് പണിത ഹരിത വിദ്യാലയത്തിലാണ് പ്രീ-പ്രൈമറി കുഞ്ഞുങ്ങൾക്കായി സ്വർഗം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ നാലാം സീസണിലേക്കും സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ശുചിത്വ വിദ്യാലയത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഫൈവ് സ്റ്റാർ റേറ്റിംഗും മുൻപ് സംസ്ഥാന പി.ടി.എ അവാർഡും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
ഏകോപന മാതൃക
സർവീസിൽ നിന്നും വിരമിച്ചിട്ടും സ്കൂൾ സഹായ സമിതിയുടെ നേതൃനിരയിൽ സേവനമനുഷ്ഠിക്കുന്ന മുൻ പ്രഥമാദ്ധ്യാപകൻ ജി.വിജയൻ നായരുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യങ്ങളും ശിശുസൗഹൃദ അന്തരീക്ഷവുമൊരുക്കിയ വിജയൻ സാർ ദേശീയ അദ്ധ്യാപക പുരസ്കാരത്തിന് അർഹനായി. എസ്.സി.ഇ.ആർ.ടിയുടെ 'മികവ്" ഡോക്യുമെന്റേഷൻ ടീം അംഗവും സാക്ഷരതാമിഷൻ അദ്ധ്യാപക പാനൽ അംഗവുമാണിദ്ദേഹം. പ്രഥമാദ്ധ്യാപിക കെ.എൽ.മിനിയുടെയും പി.ടി.എ പ്രസിഡന്റ് വി.പി.വിഷ്ണുവിന്റേയും നേതൃത്വത്തിൽ അദ്ധ്യാപകർ,ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത്, സന്നദ്ധ പ്രവർത്തകർ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവരുടെ ഏകോപനവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |