SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

ലഹരി വലയിൽ വർക്കല

Increase Font Size Decrease Font Size Print Page
ddd

വർക്കല: വിനോദസഞ്ചാര കേന്ദ്രങ്ങളും ജനത്തിരക്കേറിയ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വർക്കലയിലും സമീപ പഞ്ചായത്തുകളിലും ലഹരിവില്പനയും ഉപയോഗവും വർദ്ധിക്കുന്നതായി പരാതി.തിരുവമ്പാടി,പാപനാശം മേഖലകളിൽ ഭക്ഷണശാലകളിലും റിസോർട്ടുകളിലും ലഹരിയെത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ പലരും പൊലീസിനും എക്സൈസിനും രഹസ്യവിവരങ്ങൾ കൈമാറുന്നവരും അധികാരകേന്ദ്രങ്ങളിൽ പിടിപാടുള്ളവരുമാണ്. ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയം,മാന്തറ,കാപ്പിൽ എന്നിവിടങ്ങളിലും ഇലകമൺ ഗ്രാമപഞ്ചായത്തിലെ തോണിപ്പാറ,ഹരിഹരപുരം എന്നിവിടങ്ങളിലും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കോവൂർ,പനയറ, പാളയംകുന്ന് ഭാഗങ്ങളിലും ലഹരി വില്പന സംഘങ്ങൾ സജീവമാണ്. ചെറുന്നിയൂർ,വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സുലഭമാണ്. എം.ഡി.എം.എ പോലുള്ള രാസലഹരിവസ്തുക്കളുടെ കടത്തലും ഉപയോഗവും വർദ്ധിച്ചിട്ടും പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നുള്ള നടപടികൾ ഫലം കാണുന്നില്ല.

പിടിയിലാകുന്നത് ചില്ലറ വില്പനക്കാർ മാത്രം

ഉറവിടം കണ്ടെത്താനാകാതെ പൊലീസും എക്‌സൈസും

സ്ഥിരം പട്രോളിംഗ്,വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്യാമ്പുകൾ,നാട്ടുകാരുടെ പങ്കാളിത്തത്തോടെ ജാഗ്രത സമിതികൾ,രഹസ്യാന്വേഷണം ശക്തമാക്കൽ എന്നിവ നടപ്പാക്കാതെ പ്രശ്നം നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് സാമൂഹിക – സാംസ്കാരിക സംഘടനകളുടെ വിലയിരുത്തൽ

അക്രമം വർദ്ധിക്കുന്നു

ലഹരി ഉപയോഗം യുവാക്കളിൽ അക്രമവാസന വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും അക്രമാസക്തമായ യുവാവ് കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ച സംഭവവും കഴിഞ്ഞ ദിവസം വർക്കല - ശിവഗിരി റോഡിൽ സംഭവിച്ചിരുന്നു. യുവാവിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏല്പിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെ മാന്തറ - കുരയ്ക്കണ്ണി ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ തമ്മിൽത്തല്ലി പരിക്കേൽക്കുകയും തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ഇവർ ആശുപത്രിക്ക് മുന്നിൽ ആക്രമണം തുടർന്നതുൾപ്പെടെ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്നത്. ലഹരി ഉപയോഗത്താൽ വാഹനാപകടങ്ങളും വർദ്ധിക്കുന്നുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY