
തലസ്ഥാനം വളരും, മലയോരത്ത് ട്രെയിനോടും
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിതുറക്കാൻ അങ്കമാലി-എരുമേലി ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് സർക്കാർ. തലസ്ഥാനത്തേക്ക് പാത നീട്ടാനുള്ള പഠനത്തിന് ബഡ്‌ജറ്റിൽ ഇന്നലെ രണ്ടുകോടി അനുവദിച്ചു.നിലവിൽ എരുമേലി വരെയുള്ള പാത,പത്തനംതിട്ട-പുനലൂർ-നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടുകയാണ് ലക്ഷ്യം.ഇതിനുള്ള പഠനത്തിനും പദ്ധതിരേഖ തയ്യാറാക്കലിനും കെ-റെയിലിനെ ചുമതലപ്പെടുത്തും.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം സംസ്ഥാനത്താകെ ലഭ്യമാകാൻ ശബരിറെയിൽ വിഴിഞ്ഞത്തേക്ക് നീട്ടേണ്ടത് ആവശ്യമാണ്. തുറമുഖങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റിയൊരുക്കാനുള്ള റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കേന്ദ്രഫണ്ട് ലഭിക്കും. റാന്നി,പത്തനംതിട്ട,കോന്നി,പത്തനാപുരം,പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനാണ് പഠനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരം സ്റ്റേഷനിൽനിന്ന് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്. ഇതുമായി ശബരിപാതയെ ബന്ധിപ്പിക്കുന്നതാണ് പരിഗണനയിൽ.
നിലവിലുള്ള തിരക്കേറിയ റെയിൽപാതയിലൂടെ കൂടുതൽ ചരക്കുട്രെയിനുകളോടിക്കാനുള്ള തടസം മറികടക്കാനാണ് ശബരിപാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന സമാന്തര പാതയാക്കണമെന്ന് ആവശ്യപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടിയാൽ അങ്കമാലി-മൂവാറ്റുപുഴ-എരുമേലി-പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം ഗ്രീൻഫീൽഡ് റെയിൽ ചരക്ക് ഇടനാഴി നിർമ്മിക്കാനാവും. നിലവിലെ റെയിൽ-ദേശീയ പാതകൾ ജനസാന്ദ്രതയേറിയ മേഖലകളിലായതിനാൽ അവിടെ വ്യവസായ വികസനത്തിന് ഭൂമിക്ക് സാദ്ധ്യത കുറവാണ്. നെടുമങ്ങാട്,പുനലൂർ, പത്തനാപുരം,കോന്നി,റാന്നി, കാഞ്ഞിരപ്പള്ളി,തൊടുപുഴ,കോതമംഗലം താലൂക്കുകളിൽ സർക്കാർ പാട്ടത്തിന് കൊടുത്തിരിക്കുന്നതും അല്ലാത്തതുമായ എസ്റ്റേറ്റുകൾ വ്യവസായ സംരംഭങ്ങൾക്കായി ഏറ്റെടുത്താൽ തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാവുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഉപഗ്രഹ നഗരങ്ങൾ വരും
വിഴിഞ്ഞത്തേക്ക് ശബരിപാത നീട്ടിയാൽ ആകെ 26പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും. കാട്ടാക്കടയും നെടുമങ്ങാടും വെഞ്ഞാറമൂടും കിളിമാനൂരും തിരുവനന്തപുരത്തിന്റെ ഉപനഗരങ്ങളായി വികസിക്കും. ഇവിടങ്ങളിൽ ഭൂമിയേറ്റെടുപ്പിനും ചെലവ് കുറവാണ്.
നിലവിലെ റെയിൽവേ ലൈനിൽ തടസമുണ്ടായാൽ ബദൽ പാതയായും ഇതുമാറ്റാം. അരലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റെയിൽവേ കണക്ടിവിറ്റിയൊരുക്കാനാണ് കേന്ദ്രനയം. നെടുമങ്ങാട് നഗരത്തിൽ 62,000 ജനസംഖ്യയുണ്ട്.
കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്,കാട്ടാക്കട, ബാലരാമപുരം,വിഴിഞ്ഞം സ്റ്റേഷനുകളാണ് ഇപ്പോൾ തലസ്ഥാനത്ത് പരിഗണനയിലുള്ളത്. ഫീൽഡ് സർവേയടക്കം നിരവധി ശാസ്ത്രീയപഠനങ്ങൾക്ക് ശേഷമായിരിക്കും ഇത് അന്തിമമാക്കുക.
₹4800കോടി
അങ്കമാലി-എരുമേലി പാത വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള ചെലവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |