SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

നഗരത്തിൽ അർദ്ധരാത്രി മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം

Increase Font Size Decrease Font Size Print Page
pappanam

 സംഭവം ബുധനാഴ്ച

തിരുവനന്തപുരം: നഗരത്തിൽ എട്ടു കിലോമീറ്റർ ചുറ്റളവിൽ മൂന്ന് ക്ഷേത്രങ്ങളിൽ ഒരേദിവസം മോഷണം. ബുധനാഴ്ച അർദ്ധരാത്രിയാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. കൊഞ്ചിറവിള ഭഗവതി ക്ഷേത്രം,​അമ്പലത്തറ ശിവക്ഷേത്രം,​പാപ്പനംകോട് അനന്ത നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലാണ് സംഭവം. കൊഞ്ചിറവിളയിലും പാപ്പനംകോട് ക്ഷേത്രത്തിലുമാണ് സി.സി ടിവി ഉണ്ടായിരുന്നത്. അമ്പലത്തറയിൽ ക്യാമറകളില്ല. മൂന്നിടത്തും ഒരേ സംഘമാണോ മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ക്യാഷ് കൗണ്ടറിലെ വാതിൽ പൊളിച്ച് മേശയിലുണ്ടായിരുന്ന രണ്ടായിരം രൂപയും മോഷ്ടിച്ചു. കാണിക്കപ്പെട്ടികൾ തുറക്കാൻ ശ്രമിച്ചെങ്കിലും രണ്ടു പൂട്ടുകൾ ഉണ്ടായിരുന്നതിനാൽ സാധിച്ചില്ലെന്ന് ട്രസ്റ്റ് ചെയർമാൻ സുനിൽകുമാർ പറഞ്ഞു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി ടിവി ക്യാമറയിൽ വ്യക്തമാണ്. അന്യസംസ്ഥാന തൊഴിലാളിയാണോ എന്ന് സംശയിക്കുന്നതായി ട്രസ്റ്റ് അധികൃതർ പറഞ്ഞു. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

അമ്പലത്തറ ശിവക്ഷേത്രത്തിൽ ക്ഷേത്രത്തിന്റെയും പ്രധാന വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. ശിവന്റെയും മറ്റു ഉപദേവതകളുടെയും മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചികളുടെ പൂട്ട് പൊളിച്ച് പണം കവർന്നു. നോട്ടുകളെടുത്ത ശേഷം ചില്ലറ ഉപേക്ഷിച്ചു. രാവിലെ ക്ഷേത്രം തുറക്കാൻ വന്ന, പൂജാരിയും ജീവനക്കാരുമാണ് മോഷണവിവരം ആദ്യം കണ്ടത്. കരയോഗം സെക്രട്ടറി അമ്പലത്തറ സതീഷ് കുമാർ പൂന്തുറ പൊലീസിനെ വിവരമറിയിച്ചു.

25,​000രൂപ യോളം നഷ്ടപ്പെട്ടെന്ന് കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പൂന്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവരാത്രി ഉത്സവവും പ്രതിഷ്ഠാദിനവും അടുത്ത ആഴ്ചയിൽ നടക്കുന്നതിന് മുന്നോടിയായി അമ്പലത്തിൽ നിരവധി പണികൾ നടക്കുന്നുണ്ട്. ജോലിക്കെത്തിവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

പാപ്പനംകോട് അനന്തനാഗരാജ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പൂട്ട് കമ്പിപ്പാര കൊണ്ട്‌ പൊളിച്ചാണ് മോഷണം നടത്തിയത്. ബൈക്കിലെത്തിയ നാല് യുവാക്കളിൽ രണ്ടുപേർ,​ ക്ഷേത്രത്തിന്റെ മുന്നിലുള്ള കാണിക്കവഞ്ചി പൊളിച്ച് മോഷണം നടത്തിയപ്പോൾ രണ്ടുപേർ ആരെങ്കിലും വരുന്നുണ്ടോ എന്ന് ബൈക്കിലിരുന്ന് നിരീക്ഷിക്കുകയും ചെയ്‌തു. നാലുപേരുടെയും ദൃശ്യങ്ങൾ വ്യക്തമാണ്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY