SignIn
Kerala Kaumudi Online
Saturday, 25 April 2026 4.31 AM IST

സ്ത്രീ സൗഹൃദം പ്രഖ്യാപനങ്ങളിൽ പോരാ...  വേണം സുരക്ഷ, ആകണം സൗഹൃദനഗരം

Increase Font Size Decrease Font Size Print Page

പേരിൽമാത്രം സ്ത്രീ സൗഹൃദം 4

തിരുവനന്തപുരം: ഏത് അർദ്ധരാത്രിയിലും പുറത്തിറങ്ങി നടക്കാനാകുന്ന,ഏറ്റവും സുരക്ഷിത നഗരമായി തലസ്ഥാനം മാറണമെന്നാണ് നഗരത്തിലെ സ്ത്രീകളുടെ ആവശ്യം. നിർഭയമായി ജീവിക്കാനുള്ള ധൈര്യം ഓരോരുത്തർക്കും വരുമ്പോഴാണ് ഒരു നഗരം പൂർണമാകുന്നത്.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും,കേരള പൊലീസിന്റെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലതും ഇന്ന് കടലാസിൽ മാത്രം ഒതുങ്ങി. ചിലതാണെങ്കിലോ പേരിനുമാത്രം നടപ്പാക്കി. ഇന്നും പൊതു സ്ഥലങ്ങളിൽപ്പോലും സ്ത്രീകളോടുള്ള ആക്രമണങ്ങളും അപമാനവും സ്ഥിരമാണ്.

കോടികൾ മുടക്കി കേന്ദ്ര - സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷയ്ക്കുള്ള പിങ്ക് പ്രൊട്ടക്ഷൻ പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും ഫലപ്രദമല്ല. പദ്ധതികൾക്കായി അനുവദിക്കുന്ന തുകയെടുത്ത് വാഹനങ്ങൾ വാങ്ങിക്കൂട്ടാനാണ് പൊലീസിന് തിരക്ക്.

പിങ്ക് ജനമൈത്രി ബീറ്റ്,പിങ്ക് ഷാഡോ,പിങ്ക് റോമിയോ,പിങ്ക് ഡിജിറ്റൽ ഡ്രൈവ്,പിങ്ക് ഹോട്ട് സ്പോട്ട്,പിങ്ക് പട്രോൾ,കൺട്രോൾ റൂം,കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് തുടങ്ങിയവയിലെ പിങ്ക് പൊലീസ് സംവിധാനം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇന്ന് കടലാസിലൊതുങ്ങുന്നു.

വല്ലപ്പോഴും സംഘടിപ്പിക്കുന്ന സെമിനാറുകൾ,പരാതിപ്പെടാനുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിൽ മാത്രമാകുന്നു സ്ത്രീസുരക്ഷ.

സുരക്ഷയ്ക്കായി നഗരത്തിൽ ഒരുക്കിയ പിങ്ക് പൊലീസിനെ കാണണമെങ്കിൽ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് നോക്കേണ്ടി വരുമെന്നതാണ് തമാശ. എ.സി കാറിൽ പാട്ടുംകേട്ട് കിസ പറഞ്ഞിരിക്കുന്നവരായി സുരക്ഷ ഉദ്യോഗസ്ഥർ.

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾക്ക് പരിഹാരമായി പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി 2021 ഒക്ടോബറിൽ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ മിസ്ഡ് കോളടിച്ചാൽ ഉടൻ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നും,വനിത പൊലീസുകാർ ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെത്തി സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ അതും വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുകയായിരുന്നു.

പരിശോധിക്കാം 6 വർ‌ഷത്തിനിടെ കേരളത്തിൽ സ്ത്രീകൾക്കെതിരെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളുടെ പൊലീസ് റെക്കാഡ്

# പീഡനം- 2020 -ൽ 1880...2021-ൽ 2339...2022-ൽ...2518...2023-ൽ 2562...2024-ൽ 2901...2025-ൽ 2952...

# ഉപദ്രവം - 2020 -ൽ 3890...2021-ൽ 4059...2022-ൽ 4940... 2023-ൽ 4816...2024-ൽ 4286...2025-ൽ 3922

# തട്ടിക്കൊണ്ടുപോകൽ - 2020 -ൽ 151...2021-ൽ 179...2022-ൽ 241...2023-ൽ 191....2024-ൽ 121....2025-ൽ 113

# അപമാനിക്കൽ - 2020 -ൽ 442...2021-ൽ 504...2022-ൽ 572...2023-ൽ 679...2024-ൽ 695...2025-ൽ 944

# സ്ത്രീധനത്തിന്റെ പേരിലുള്ള മരണം - 2020 -ൽ 6...2021-ൽ 9...2022-ൽ 11...2023-ൽ 8...2024-ൽ 3...2025-ൽ 6

# ഭർത്താവ് \കുടുംബക്കാരിൽ നിന്നുള്ള ഉപദ്രവം - 2020 -ൽ 2707...2021-ൽ 4997....2022-ൽ 4998... 2023-ൽ 4710....2024-ൽ 4515..2025-ൽ 3986

# മറ്റു കുറ്റകൃത്യങ്ങൾ - 2020 -ൽ 3583....2021-ൽ 4112...2022-ൽ 5663...2023-ൽ 6014....2024-ൽ 6366...2025-ൽ 6112

# ആകെ- 2020 -ൽ 12659...2021-ൽ 16199....2022-ൽ 18943...2023-ൽ 18980...2024-ൽ 18887...2025-ൽ 18035

കൂടുതൽ സജ്ജമാക്കണം ഷെൽട്ടറുകളും സുരക്ഷയും

തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്കുള്ള ഷെൽട്ടറുകളും സുരക്ഷയും കൂടുതൽ സജ്ജമാക്കണമെന്നാണ് നഗരത്തിലെ സ്ത്രീകളുടെ ആവശ്യം.നിലവിലുള്ള അഭയകേന്ദ്രം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ഇനിയും നിരവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ഇവ‌ർ പറയുന്നു.മെഡിക്കൽ കോളേജിൽ രോഗികളുമായി എത്തുന്നവരിൽ പലരും ഇന്ന് ആശുപത്രിക്ക് അകത്ത് പ്രവേശിക്കാനാകാതെ പുറത്ത് നിൽക്കേണ്ട അവസ്ഥയാണ്.അതിനാൽ ഇവിടെയും ഷെൽട്ടർ സംവിധാനം ഉറപ്പാക്കണം.കൂടാതെ പൊലീസിന്റെ രാത്രികാല പട്രോളിംഗും പ്രീപെയ്ഡ് ഓട്ടോ സംവിധാനങ്ങളും നഗരം സ്ത്രീക്ക് ഉറപ്പ് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങളും പാലിക്കപ്പെടണം.

 പ്രതികരണവുമായി അധികാരികൾ

1) ഇ ടോയ്‌ലെറ്റുകൾ നവീകരിച്ച് കൃത്യമായി പ്രവർത്തിപ്പിക്കാനും,തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള സജീവമായ ഇടപെടലുകളുമാണ് ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കുള്ള മറ്റു പ്രശ്നങ്ങൾ പഠിച്ചശേഷം തീരുമാനിക്കും.

വി.വി.രാജേഷ്, മേയർ

കൺട്രോൾ റൂം,പിങ്ക് പൊലീസ് സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കും.കൂടാതെ സ്ത്രീകൾക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നാൽ ഉടൻ അന്വേഷിച്ച് പ്രതിയെ പിടികൂടുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്യും

കെ.കാർത്തിക്,സിറ്റി പൊലീസ് കമ്മീഷണർ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.