കടയ്ക്കാവൂർ: അഞ്ചുതെങ്ങ്,കടയ്ക്കാവൂർ പ്രദേശങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ തെരുവ്നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിയടക്കം നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അഞ്ചുതെങ്ങ് തൈക്കൂട്ടം വീട്ടിൽ വിനോദ് -ബിൻസി ദമ്പതികളുടെ മകൻ വിഗിന് സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. മാസങ്ങൾക്കു മുമ്പ് കടയ്ക്കാവൂർ ഓവർബ്രിഡ്ജിന് സമീപം തെരുവ്നായയെ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പതിനൊന്നുകാരിയായ സഖിയുടെ ജീവൻ പൊലിയുകയും കൂടെയുണ്ടായിരുന്ന അമ്മ പ്രസിന്ധ്യക്കും അച്ഛൻ ജോൺപോളിനും മാമ്പള്ളി സ്വദേശിനിയായ യാത്രക്കാരിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കായിക്കരയിൽ കടയിൽ കയറി വൃദ്ധയെയും മറ്റൊരു സ്കൂൾ വിദ്യാർത്ഥിയെയും നായ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
കണ്ണടച്ച് അധികൃതർ
പരിക്കേറ്റവർക്ക് ചികിത്സാസഹായം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ലഭിക്കാത്ത അവസ്ഥയാണ്.ഗവൺമെന്റിന്റെ തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടറെന്ന പദ്ധതി ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. കായിക്കരയിൽ നിലവിൽ പ്രവർത്തിക്കുന്ന ഷെൽട്ടറുമായി സഹകരിച്ച് ആക്രമണകാരികളായ നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ വേണ്ട നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാക്സിനേഷൻ ഡ്രൈവ്
അഞ്ചുതെങ്ങ് ജംഗ്ഷൻ,കോട്ട,പഞ്ചായത്ത് ഓഫീസ്,കേട്ടുപുര,മീരാൻ കടവ്,കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരം,വക്കം മാർക്കറ്റ്,നിലയ്ക്കാമുക്ക് എന്നിവിടങ്ങളിലാണ് തെരുവ്നായ ശല്യം രൂക്ഷം. പല സ്ഥലങ്ങളിലായുള്ള നായ്ക്കളെ മീരാൻ കടവ് പാലത്തിന് സമീപം ഉപേക്ഷിക്കുകയാണ് പതിവ്.ആക്രമണകാരികളായ നായ്ക്കളെ പിടികൂടി പഞ്ചായത്ത് തലത്തിൽ വന്ധ്യംകരണം നടത്തുകയോ ഷെൽട്ടറുകളിലേക്ക് മാറ്റി പാർപ്പിക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. കൂടാതെ അഞ്ചുതെങ്ങ് പഞ്ചായത്തിൽ 19മുതൽ 5ദിവസം നീണ്ടു നിൽക്കുന്ന പേവിഷബാധയ്ക്കെതിരെ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വെറ്ററിനറി ഓഫീസർക്കാണ് ചുമതല.
കായിക്കരയിൽ പ്രവർത്തിക്കുന്ന നായ ഷെൽട്ടറിന് വേണ്ട സഹായങ്ങൾ ചെയ്യുകയോ അവരുമായി സഹകരിച്ച് ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്യണം.
ജഗത്ത് കായിക്കര,
അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |