
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് - കടയ്ക്കാവൂർ റോഡിലെ മീരാൻകടവ് പാലത്തിന്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പഴയറോഡിനെ ബി.എം.ബി.സി നിലവാരത്തിലേക്ക് മാറ്റിയപ്പോൾ റോഡിന് ഉയരം കൂടിയതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. റോഡിനിരുവശവും 12 മീറ്ററോളം താഴ്ചയാണുള്ളത്, അതിനാൽ നടപ്പാത കോൺക്രീറ്റ് ചെയ്യാത്തതും അപകടഭീഷണിക്ക് കാരണമാണ്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കിയാൽ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. നിലവിൽ സംരക്ഷണ ഭിത്തിയുടെ അനിവാര്യത നിർമ്മാണവേളയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കാര്യമാക്കിയില്ല.ഇനിയൊരു അപകടമുണ്ടാകുന്നതുവരെ കാത്തിരിക്കാതെ സംരക്ഷണഭിത്തി നിർമ്മിച്ച് സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |