വാക്കേറ്റം, മർദ്ദനം കള്ളവോട്ട് ആരോപണം

Friday 10 April 2026 12:38 AM IST

തിരുവനന്തപുരം: കള്ളവോട്ട് തടയുന്നതിനടക്കം പഴുതടച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചിലയിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരാതികളുയർന്നു. ചില ബൂത്തുകളിൽ തർക്കങ്ങളുണ്ടായി. വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെങ്കിലും മർദ്ദനവും നായ്ക്കുരണപൊടി പ്രയോഗം ഉൾപ്പെടെ പരാതികളും ഉയർന്നു.

പൂഞ്ഞാറിൽ പോളിംഗ് ബൂത്തിനടുത്ത് ഫ്ലക്സ് ബോർഡുകൾ വച്ചതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കണ്ണൂരിലും കാസർകോട്ടും യു.ഡി.എഫ് വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗിച്ചതായി പരാതിയുണ്ടായി. തളിപ്പറമ്പിൽ ബി.ജെ.പി ഏജന്റിന് മർദ്ദനമേറ്റു.

കാസർകോട് തൃക്കരിപ്പൂരിലെ പുത്തിലോട്ട് എ.എൽ.പി സ്കൂൾ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തതായി യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. ഉദ്യോഗസ്ഥരും പൊലീസും കള്ളവോട്ട് ചെയ്യാൻ സി.പി.എം പ്രവർത്തകർക്ക് കൂട്ടുനിന്നു. തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നും പറഞ്ഞു.

എന്നാൽ, സന്ദീപ് വാര്യർ മനഃപൂർവം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥരെയടക്കം ഭീഷണിപ്പെടുത്തിയെന്നും സി.പി.എം പ്രവർത്തകർ ആരോപിച്ചു. ഒറ്റപ്പാലത്ത് നാലുബൂത്തുകളിൽ കള്ളവോട്ട് നടന്നെന്ന് പരാതിയുയർന്നു. പേരാമ്പ്രയിൽ സി.പി.എം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വോട്ടറെ മർദ്ദിച്ചെന്നും ആരോപണം.

പയ്യന്നൂരിൽ സി.പി.എം കള്ളവോട്ട് ചെയ്തെന്ന് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചു. കരിവെള്ളൂർ, വെള്ളൂർ, കാറമ്മേൽ, ഏറ്റുകുടുക്ക എന്നിവിടങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നു. തന്റെ ബൂത്തായ 78ൽ കള്ളവോട്ട് ചോദ്യം ചെയ്ത ഏജന്റിനെ പുറമെനിന്നുള്ള ചിലർ കയറി ഭീഷണിപ്പെടുത്തി. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് കള്ളവോട്ട് ചെയ്തതെന്നും ആരോപിച്ചു.

വനിതാ കൗൺസിലർക്ക് മർദ്ദനം

പുനലൂർ വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് സമീപം നഗരസഭ കൗൺസിലറും

കോൺഗ്രസ് നേതാവുമായ ഷെമി.എസ്.അസീസിനെ സി.പി.എം നേതാവ് മർദ്ദിച്ചതായി പരാതി.

വലതുകൈയ്ക്കും മുഖത്തും പരിക്കേറ്റ ഷെമി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പുനലൂർ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ സുഭാഷ്.ജി.നാഥിനെതിരെ പൊലീസ് കേസെടുത്തു. പോളിംഗ് ബൂത്തിനുസമീപം സി.പി.എം പ്രവർത്തകർ വോട്ട് ക്യാൻവാസ് ചെയ്തതിനെ ചോദ്യം ചെയ്തപ്പോൾ സുഭാഷ് മർദ്ദിച്ചുവെന്നാണ് ഷെമിയുടെ പരാതി.

2,800പേർ കരുതൽ തടങ്കലിൽ

വോട്ടെടുപ്പിൽ അക്രമം തടയാൻ പഴുതടച്ച സുരക്ഷയൊരുക്കിയ പൊലീസ് 2,800 പേരെ കരുതൽ തടങ്കലിലാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള 11,000 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. 2,500 പ്രശ്നബാധിത പോളിംഗ് ബൂത്തുകളടക്കം സംസ്ഥാനത്തെ 30,471 ബൂത്തുകളിൽ ക്യാമറാ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.