വെള്ളക്കെട്ടിൽ മുങ്ങി കോൺക്രീറ്റ് റോഡ്
പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ ജുമാ മസ്ജിദിന് എതിർവശത്തെ റോഡ് കോൺക്രീറ്റ് ചെയ്തതോടെ വെള്ളക്കെട്ടുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് എത്ര വലിയ മഴ പെയ്താലും വെള്ളക്കെട്ട് ഉണ്ടാകാറില്ല. എന്നാൽ ചെറിയ മഴപെയ്താൽ പോലും റോഡ് തോടാവുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. അശാസ്ത്രീയമായ റോഡ് നിർമ്മാണം വെള്ളക്കെട്ട് രൂക്ഷമാക്കിയിട്ടും അധികൃതർ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പൂവാറിൽ നിന്ന് ഇ.എം.എസ് നഗറിലേക്ക് എത്തിച്ചേരുന്ന റോഡിൽ നൂറുകണക്കിന് ആളുകൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ജുമാമസ്ജിദിലേക്ക് എത്തിച്ചേരുന്നവരും മറ്റ് നിരവധി യാത്രക്കാരും അതുവഴി കടന്നുപോകുന്നുണ്ട്. വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ കുട്ടികളും മുതിർന്നവരും അതുവഴി നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. രാത്രികാലങ്ങളിൽ അപകടങ്ങളും പതിവാണ്. ആഴ്ചകളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ പായലും പൂപ്പലും അടിഞ്ഞുകൂടി വഴുക്കലിൽ ആളുകൾ തെന്നി വീഴുന്നതായും പ്രദേശവാസികൾ പറയുന്നു.