ഇടവയിൽ കോൺഗ്രസ് - സി.പി.എം സംഘർഷം
പഞ്ചായത്ത് മെമ്പർക്ക് മർദ്ദനമേറ്റു; 33 പേർക്കെതിരെ കേസ്
വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് - സി.പി.എം പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി.8 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും 25 സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും അയിരൂർ പൊലീസ് കേസെടുത്തു.വോട്ടെണ്ണൽ ദിനം മുതൽ പ്രദേശത്ത് ഇരുക്കൂട്ടരും തമ്മിൽ ആരംഭിച്ച തർക്കമാണ് ബുധനാഴ്ച രാത്രി കൈയ്യാങ്കളിയിൽ കലാശിച്ചത്.പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ജി.ബിനുവും കൂടെയുണ്ടായിരുന്ന സി.പി.എം പ്രവർത്തകരും, എതിർഭാഗത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘർഷത്തിലെത്തിയത്.
അഡ്വ.വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം ഇടവയിൽ സ്ഥാപിച്ച ബോർഡ് നശിപ്പിച്ചത് ബിനു ചോദ്യം ചെയ്തതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. മാന്തറ,വെറ്റക്കട എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ കൊടിമരങ്ങൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിക്കുകയും ചെയ്തു.സി.പി.എം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇടവ ജംഗ്ഷൻ റോഡ് സി.പി.എം പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് ഇടവ മേഖലയിലെ കോൺഗ്രസിന്റെ കൊടിമരങ്ങൾ വ്യാപകമായി സി.പി.എം പ്രവർത്തകർ നശിപ്പിച്ചു. ഇടവയിലെ ഐ.എൻ.ടി.യു.സി ഓഫീസ് ചവിട്ടിത്തുറന്ന് അകത്തുണ്ടായിരുന്ന ഫർണീച്ചറുകൾ നശിപ്പിച്ചു. ഓഫീസിന് മുന്നിലെ കൊടിമരം,ജംഗ്ഷനിലെ കൊടിമരം,തുഷാരമുക്കിലെ കൊടിമരം,ശ്രീയേറ്റ്,മാന്തറ,പ്രസ്‌മുക്ക് ഭാഗങ്ങളിലെ കോൺഗ്രസിന്റെ കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസുകാർ പിണറായി വിജയന്റെ ഫ്ലക്‌സിന് റീത്ത് വച്ചു.തുടർന്ന് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന വർക്കല കഹാറിന്റെ ഫ്ലക്സിൽ സി.പി.എം പ്രവർത്തകരും റീത്തുവച്ചു.വാർഡ് മെമ്പറെ കൈയേറ്റം ചെയ്ത 8 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഐ.എൻ.ടി.യു.സി ഓഫീസ് അക്രമിച്ചതിലും റോഡ് ഉപരോധിച്ചതിലും 25 സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.പ്രദേശത്ത് പൊലീസ് കാവലിന് മതിയായ ഉദ്യോഗസ്ഥർ അയിരൂർ സ്റ്റേഷനിലില്ലെന്ന ആക്ഷേപവുമുണ്ട്.