കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം : പ്രതികളെ പിടികൂടാതെ പൊലീസ്

Thursday 14 May 2026 1:02 AM IST

കഴക്കൂട്ടം: കഴക്കൂട്ടത്തെ അൽസാജ് ഹോട്ടലിന് മുന്നിലെ വാക്കുതർക്കത്തിനിടെ, ഹോട്ടലിലെ വനിതാ ജീവനക്കാരടക്കം അഞ്ചുപേരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാളെ പോലും പിടികൂടാനാകാതെ കഴക്കൂട്ടം പൊലീസ്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ആക്രമണം.

മർദ്ദനത്തിൽ ജീവനക്കാരായ ചാത്തന്നൂർ സ്വദേശി അബി (32), ചിറയിൻകീഴ് സ്വദേശിനി ദിവ്യ (26) എന്നിവരടക്കമുള്ളവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ അബിക്ക് പത്തോളം തുന്നലുണ്ട്. മർദ്ദനമേറ്റ ദിവ്യയുടെ വലതു കൈവിരലിന് പൊട്ടലുണ്ട്. ജോലി കഴിഞ്ഞ് അബിയും ദിവ്യയും ബൈക്കിൽ റോഡിലേക്കിറങ്ങുമ്പോൾ സർവീസ് റോഡിലൂടെ വന്ന ഓട്ടോയുമായി ഇടിക്കാൻ പോകുകയായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്.

തർക്കത്തിനിടെ ഓട്ടോ ഡ്രൈവറും കോൺഗ്രസ് ബ്ളോക്ക് ഭാരവാഹിയുമായ ഷാജി, സുഹൃത്തുക്കളായ ഷാജഹാൻ ഉൾപ്പെടെയുള്ള നാലുപേരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

അബിയെയും ദിവ്യയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് മൂന്ന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനമേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വധശ്രമം, സംഘം ചേർന്നുള്ള മർദ്ദനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പ് ചേർത്താണ് കേസെടുത്തത്. ഓട്ടോ ഡ്രൈവർമാരായ ഷാജി, ഷാജഹാൻ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് കേസ്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാനാകാത്തത് പ്രതിഷേധത്തിനിടയാക്കി. അക്രമിസംഘം അബിയെ കല്ലുകൊണ്ട് തലയ്ക്കടിക്കുന്നതിന്റെ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു.