മന്ത്രി പദവി പ്രഖ്യാപിക്കുമ്പോൾ കെ.മുരളീധരൻ തിരക്കിൽ
തിരുവനന്തപുരം: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഉറപ്പായിരുന്ന പേരായിരുന്നു കെ.മുരളീധരന്റേത്. ഇന്നലെ വൈകിട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ പേര് പ്രഖ്യാപിക്കുമ്പോൾ വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു മുരളീധരൻ. നെട്ടയം ശ്രീരാമകൃഷ്ണ സ്‌കൂളിലെ പരിപാടിയായിരുന്നു ആദ്യം. തുടർന്ന് ഭാരത് ഭവനിൽ പുസ്തകപ്രകാശനം. ശേഷം വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ പരിപാടികൾ. ഇവയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മന്ത്രിമാരുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്ന വാർത്തയെത്തുന്നത്. മുതിർന്ന നേതാക്കളിൽ പലരുടേയും ഫോൺ വിളികൾ ഇതിനിടെ എത്തി. ചടങ്ങുകൾക്കിടെ ആശംസയുമായി എത്തിയവർക്ക് നേരിട്ടും നന്ദി പറഞ്ഞു. തലസ്ഥാനത്തുനിന്നുള്ള ഏക കോൺഗ്രസ് മന്ത്രികൂടിയാണ് കെ. മുരളീധരൻ. മുൻ കെ.പി.സി.സി പ്രസിഡന്റ്, മന്ത്രി, എം.പി എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചശേഷമാണ് വി.ഡി. സതീശൻ മന്ത്രിസഭയിലേക്ക് പ്രധാനവകുപ്പിന്റെ ചുമതലയിൽ മുരളീധരൻ എത്തുന്നത്. മികച്ച കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ പേരെടുത്ത മുരളീധരൻ,പാർട്ടിക്കുള്ളിലും പുറത്തും ഏറെ സ്വീകാര്യതയുള്ള നേതാവാണ്. ഏത് വിഷയത്തിലും നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കുന്നതിനൊപ്പം കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളും മറുപടികളും മറ്റ് നേതാക്കളിൽ നിന്ന് കെ.മുരളീധരനെ വ്യത്യസ്ഥനാക്കുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റേയും കല്യാണിക്കുട്ടി അമ്മയുടേയും മകനായി തൃശൂരിലാണ് ജനനമെങ്കിലും പതിറ്റാണ്ടുകളായി തലസ്ഥാന നഗരത്തിന്റെ ഭാഗമാണ് മുരളീധരൻ. എം.എൽ.എ അല്ലാതിരിക്കെ 2004ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. മാസങ്ങൾ മാത്രം നീണ്ട മന്ത്രി പദവി ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ രാജിവയ്‌ക്കേണ്ടിവന്നത് രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു.