ചെളിക്കെട്ടായി തൊളിക്കുഴി മാർക്കറ്റ്
കിളിമാനൂർ: മഴക്കാലമായതോടെ ചെളിക്കെട്ടായി തൊളിക്കുഴി മാർക്കറ്റ്. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പുതിയകാവ് മാർക്കറ്റ് കഴിഞ്ഞാൽ പിന്നെയുള്ള ഏക മാർക്കറ്റാണ് തൊളിക്കുഴി മാർക്കറ്റ്.
തിരുവന്തപുരം-കൊല്ലം ജില്ലാതിർത്തികളിൽ സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് ആഴ്ചയിൽ രണ്ടു ദിവസമാണ് പ്രവർത്തിക്കുന്നത്. ഈട്ടിമൂട്, കുന്നിൽക്കട, വട്ടത്താമര, സമ്പ്രമം, മുക്കുന്നം, മിഷ്യൻ കുന്ന്, ചെറുനാരകം കോട് തുടങ്ങി ഗ്രാമങ്ങളിലുള്ളവർ ഒരുകാലത്ത് ക്രയവിക്രയം നടത്തിയിരുന്ന ഇവിടെ ഇപ്പോൾ വിരളിലെണ്ണാവുന്നവർ മാത്രമാണ് എത്താറുള്ളത്.
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ മാർക്കറ്റിൽ കൊണ്ടുവരാത്തതാണ് കച്ചവടക്കാർ അകന്നു പോയതെന്നു നാട്ടുകാർ പറയുന്നു.
ദുരിതം വിതച്ച് മീൻസ്റ്റാളും
മാർക്കറ്റിനകത്ത് മീൻ കച്ചവടത്തിന് ഒരു സ്റ്റാൾ പണിതിട്ടുള്ളതല്ലാതെ യാതൊരു വികസന പ്രവർത്തനങ്ങളും ചെയ്തിട്ടില്ല.
പണിത മീൻ സ്റ്റാൾ ആകട്ടെ അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ അതിനകത്ത് കയറി ആളുകൾക്ക് മീൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റാളിനകത്ത് നിന്നും മലിനജലം ഒഴുകി ദുർഗന്ധവും വമിക്കുന്നുണ്ട്.
മറ്റു ചെറുകിട കച്ചവടക്കാർ മഴയത്തും വെയിലിലും പുറത്തെ മൺതറയിൽ കച്ചവടം ചെയ്യണം, മഴ പെയ്തതോടെ ചെളിക്കെട്ട് മാത്രമല്ല, മാലിന്യം കൂടി ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. മാർക്കറ്റിന്റെ കാൽ ഭാഗത്തോളം കാടു കയറിയ അവസ്ഥയിലുമാണ്.