ഇടവ സ്റ്റേഡിയം നിർമ്മാണം അവസാനഘട്ടത്തിൽ

Saturday 23 May 2026 1:52 AM IST

വർക്കല: കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇടവയിലെ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. 2400 മീറ്റർ കളിസ്ഥലത്തോടുകൂടിയ ഇരുനിലകളുള്ള ആധുനിക ഇൻഡോർ സ്റ്റേഡിയം,സെവൻസ് ഫുട്‌ബാൾ ഗ്രൗണ്ട്,നീന്തൽക്കുളം,ഗ്യാലറി എന്നിവയോടെയാണ് കായിക പ്രേമികൾക്ക് സമ്മാനിക്കുന്നത്. ഇൻഡോർ സ്‌റ്റേഡിയത്തിൽ വോളിബാൾ,ബാസ്‌കറ്റ്ബാൾ,ഹാൻഡ്ബാൾ,ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളടക്കമാണുള്ളത്. ആയിരം പേർക്കിരിക്കാവുന്ന ഗ്യാലറി,സ്‌പോർട്‌സ് ഓഫീസ്,ഡോർമെറ്ററി എന്നിവയും ഭാവിയിൽ ഹോസ്റ്റൽ സൗകര്യവും നടപ്പിലാക്കുന്ന വിധമാണ് പദ്ധതി. ഈ വർഷം ഡിസംബറോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.ഇതോടെ വർക്കലയിലെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

 പദ്ധതിയുടെ നാൾവഴികൾ

  • 1987ൽ ഇടവ ഗ്രാമത്തിലെ കായികപ്രേമികൾ സ്റ്റേഡിയം നിർമ്മാണത്തിന് സമിതി രൂപീകരിച്ചു
  • 1989 ൽ 2 രൂപ മുതൽ 2000 രൂപ വരെ സംഭാവന സ്വീകരിച്ച് വാങ്ങിയ 5 ഏക്കർ 25 സെന്റ് പഞ്ചായത്തിന് കൈമാറി
  • 2003 ൽ സ്റ്റേഡിയത്തിന്റെ നിർമ്മാണച്ചെലവ് പഞ്ചായത്തിന് താങ്ങാൻ കഴിയാതെ വസ്തു സ്പോർട്സ് കൗൺസിലിന് നൽകി
  • 2016 - 17 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി സ്‌റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി സ്‌പോർട്‌സ് കൗൺസിലിന് സർക്കാർ തുക അനുവദിച്ചു.
  • 2019 ൽ 34.25 കോടി രൂപ അടങ്കൽത്തുക നിശ്ചയിച്ച് കിറ്റ്കൊ നിർമ്മാണച്ചുമതല ഏറ്റെടുത്തെങ്കിലും പദ്ധതി വീണ്ടും നിലച്ചു.
  • 2025 ജനുവരിയിൽ സ്പോർട്സ് കേരള ഫൗണ്ടേഷന് 26 കോടിക്ക് പദ്ധതി റീടെൻഡർ ചെയ്തത് നിർമ്മാണച്ചുമതല നൽകി. ജെ ആൻഡ് ജെ കൺസ്ട്രക്ഷനാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.

 സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ വർക്കലയുടെ കായികസ്വപ്നങ്ങൾക്ക് പുതുജീവൻ പകരാനാകും. നിരവധി പ്രതിസന്ധികളും സാങ്കേതിക വെല്ലുവിളികളും മറികടന്നാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

അഡ്വ.വി.ജോയി, എം.എൽ.എ