പാലക്കാട്: ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പുതുശ്ശേരി കുരുടിക്കാട് സ്വദേശിനിയിൽ നിന്ന് 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര ജി.ടി.ബി നഗർ ദിപേഷ് സന്തോഷ് മാസാനിയെ കസബ പൊലീസ് മുംബൈയിൽ നിന്ന് പിടികൂടി.
2021 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നെങ്കിലും ആദ്യമൊന്നും സ്വീകരിച്ചില്ല. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് യുവതിയെ പ്രതി വലയിൽ വീഴ്ത്തി. യുവതിയെ കാണാൻ വരുന്നുണ്ടെന്നും അതിന് മുമ്പായി വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിന്റെ കൈയിൽ നിന്ന് അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ പ്രതി അതിനായി പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു.
ആദ്യം യുവതി മടിച്ചെങ്കിലും കോടികൾ വിലമതിപ്പുള്ള സമ്മാനമാണെന്ന് പറഞ്ഞതോടെ വലയിൽ വീണു. 8.5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ട് അക്കൗണ്ടുകളിലേക്ക് നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു. അതിനുശേഷം പ്രതിയുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, സബ് ഇൻസ്പെക്ടർ ജഗ് മോഹൻ ദത്ത, എസ്.സി.പി.ഒ.മാരായ കാജാഹുസൈൻ, നിഷാദ്, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് മുബൈയിൽ പോയി പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |