നാഗർകോവിൽ: ജാതിമതഭേദമില്ലാതെ ഒരുമനസോടെ തമിഴ് ജനതകാെണ്ടാടുന്ന പൊങ്കൽ പുലരാൻ ഇനി ഒരു രാത്രിയുടെ ദൂരം. മാർഗഴി മാസത്തിലെ അവസാന ദിനത്തിൽ തുടങ്ങി തൈമാസം മൂന്നു വരെ നീളുന്ന പൊങ്കൽ ആഘോഷങ്ങൾക്കായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജനങ്ങൾ. വിളവെടുപ്പുത്സവമായ പൊങ്കലിന് തങ്ങൾക്ക് ലഭിച്ച വിളവിനും സമൃദ്ധിക്കും കർഷകർ നന്ദി പറയുന്ന സമയം കൂടിയാണിത്.
തമിഴ്നാട്ടിന്റെ ദേശീയ ഉത്സവം ആഘോഷിക്കാൻ സർക്കാർ റേഷൻ കടകൾ വഴി 1000 രൂപയും മുണ്ടും സാരിയും സൗജന്യമായി നൽകിയിട്ടുണ്ട്. ഓരോ ദിവസവും വൈവിദ്ധ്യമേറിയ ചടങ്ങുകൾകൊണ്ട് സമ്പന്നമാണ് പൊങ്കൽ ആഘോഷങ്ങൾ. കൊവിഡ് ശമിപ്പിച്ച ആഘോഷങ്ങൾ പതിവിലും ഇരട്ടിയായി നടത്താനുള്ള തയാറെടുപ്പിലാണിവർ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തൈപ്പൊങ്കൽ ദിനമായ ഞായറാഴ്ച ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പൂജകളും നടക്കും.
നാലുനാൾ തിരുവിഴ
ബോഗി
ഒന്നാംഓണം പോലെ സവിശേഷമായ ആദ്യ പൊങ്കലാണ് ബോഗി. മാർഗഴി മാസത്തിലേ അവസാന ദിവസമാണ് ബോഗി ആഘോഷിക്കുന്നത്. നല്ല വിളവെടുപ്പിനുള്ള കാലാവസ്ഥ നൽകിയ സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം. വൈകിട്ട് പഴയ സാധനങ്ങൾ അഗ്നിക്കിരയാക്കുന്നതും ഈ ദിവസത്തെ ചടങ്ങാണ്.
തൈപ്പൊങ്കൽ
ആഘോഷത്തിന്റെ രണ്ടാം ദിവസമായ തൈപ്പൊങ്കലിൽ വീടിന് മുന്നിൽ വർണക്കോലമിട്ട ശേഷം
അരി പാലിൽ വേവിക്കുന്ന ചടങ്ങും രണ്ടാം ദിവസത്തെ തൈപ്പൊങ്കലിന്റെ ഭാഗമാണ്. കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുക, പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടിവയ്ക്കുക തുടങ്ങിയവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.
മാട്ടുപ്പൊങ്കൽ
കർഷകരുടെ ആഘോഷമാണ് മാട്ടുപ്പൊങ്കൽ. കൃഷികളിൽ തങ്ങളെ സഹായിക്കുന്ന കന്നുകാലികൾക്കു വേണ്ടിയാണ് മാട്ടുപ്പൊങ്കൽ ആഘോഷങ്ങൾ. കർഷകർ കന്നുകാലികളെ കുളിപ്പിച്ച് ഒരുക്കി അവയ്ക്കായി പൂജകളും പ്രാർത്ഥനകളും നടത്തുന്നു. കന്നുകാലകൾക്കായുള്ള പ്രാർത്ഥനയോടൊപ്പം നല്ല വിളവിനു വേണ്ടിയും ഈ ദിവസം പ്രാർത്ഥിക്കാറുണ്ട്. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.
കാണും പൊങ്കൽ
പൊങ്കലിന്റെ നാലാമത്തെയും അവസാനത്തെയും ദിനമാണ് കാണും പൊങ്കൽ. ബന്ധുക്കളും സുഹൃത്തുകളും ഒത്തുകൂടുകയും സമ്മാനങ്ങൾ പരസ്‌പരം കൈമാറുകയും ചെയ്യുന്ന ദിവസമാണിത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |