തൃപ്പൂണിത്തുറ: പോക്സോ കേസിലെ പ്രതിയെ മോഷണക്കേസിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. തൃപ്പൂണിത്തുറ മിനി ബൈപ്പാസ് റോഡിൽ പെരുമ്പള്ളിവീട്ടിൽ സോണി സെബാസ്റ്റ്യനെയാണ് (25) സബ് ഇൻസ്പെക്ടർ എം. പ്രദീപും സംഘവും അറസ്റ്റുചെയ്തത്. തൃപ്പൂണിത്തുറ എരൂർ ലേബർ ജംഗ്ഷന് സമീപം അമ്പാട്ട് വീട്ടിൽ അർജുനന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിന് സമീപത്തെ വീട്ടിൽ പാർക്കുചെയ്തിരുന്ന 12 ലക്ഷംരൂപ വിലവരുന്ന കവാസാക്കി മോട്ടോർ സൈക്കിളിന്റെ ഒരുലക്ഷംരൂപ വിലവരുന്ന സൈലൻസർ 8ന് പുലർച്ചെ മോഷണംപോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൈലൻസർ പല വർക്ക് ഷോപ്പുകളിലും വിൽക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങിയില്ല. സമീപപ്രദേശങ്ങളിലെ സി.സി ടിവികളും വർക്ക്ഷോപ്പുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾ നേരത്തെ സ്കൂൾ വിദ്യാർത്ഥിനികളുമായി കാറിൽ സഞ്ചരിക്കവേ കാർ അപകടത്തിൽപ്പെടുകയും കാറിൽനിന്ന് എം.ഡി.എം.എയുമായി പിടികൂടുകയും ചെയ്തിരുന്നു. പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോൾ ചിലർ പീഡനത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോകേസും എൻ.ഡി.പി.എസ് കേസും നിലവിലുണ്ട്. പ്രതിക്കെതിരെ കഞ്ചാവ് കൈവശംവച്ചതിന് നിരവധി കേസ് ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐമാരായ വി.ആർ. രേഷ്മ, രാജൻ വി. പിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി. സന്തോഷ്, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, രഞ്ജിത്ത് ലാൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |