നെയ്യാറ്റിൻകര: അധികൃതരുടെ അനാസ്ഥയിൽ വർഷങ്ങളായി ഐ.സി.യുവിലായ രാമപുരം-അരങ്കമുഗൾ-ഊരൂട്ടുകാല റോഡിന് ഇനിയും ശാപമോക്ഷമില്ല. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചു വാർഡുകൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥയിൽ ഗതികെട്ടതോടെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. 12 വർഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് ടാർ ചെയ്‌ത നാല് കിലോമീറ്ററോളം റോഡിൽ നാളിതുവരെ യാതൊരു നവീകരണ പ്രവർത്തനവും നടന്നിട്ടില്ല. ടാറിംഗ് പൂർത്തിയായി മാസങ്ങൾക്കകം തന്നെ റോഡ് തകർന്നു. ഇരുവശവും ഓടയില്ലാത്തതും തകർച്ച വേഗത്തിലാക്കി. നിലവിൽ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാൽനട പോലും ദുഃസഹമാണ്. മഴ പെയ്‌തതോടെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞതും ഇരുചക്രവാഹന യാത്രികരെ വലയ്‌ക്കുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ബാലരാമപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയുമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചതിന് ശേഷം ഇതുവഴിയുള്ള സർവീസ് നടത്താമെന്ന നിലപാടിലാണ് ഓട്ടോ-ടാക്‌സി തൊഴിലാളികളും.
സർവീസ് വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി
കെവിഡ് കാരണം നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം പലതും വെട്ടിക്കുറച്ചു. കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിൽ നിന്നും നടത്തിയിരുന്ന സർവീസും
ഇപ്പോൾ പൂർണമായും നിലച്ചു. രാമപുരം, അരങ്ങൽ ക്ഷേത്രം, അരങ്കമുഗൾ-ചപ്പാത്ത് തുടങ്ങിയ ചുരുക്കം സർവീസുകൾ മാത്രമാണിപ്പോഴുള്ളത്.
അധികൃതർക്ക് തണുപ്പൻമട്ട്
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ പഞ്ചായത്തധികൃതർക്ക് നൽകിയിട്ടും അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് പഞ്ചായത്തിൽ ലഭ്യമല്ലെന്നും ജില്ലാപഞ്ചായത്തിന്റെയോ എം.എൽ.എയുടെയോ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് എന്തെങ്കിലും ചെയ്യാമെന്ന തണുപ്പൻ മറുപടിയാണ് പഞ്ചായത്തിനുള്ളത്. ഉടൻ ഓടയടക്കം നിർമ്മിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡ് അടിയന്തരമായി റീടാർ ചെയ്‌ത് പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കണം
അരങ്കമുകൾ സുധാകരൻ
പ്രസിഡന്റ്, അയ്യനവർ പ്രദേശിക സംഘം,അതിയന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |