തിരുവനന്തപുരം: പൊളിച്ചുനീക്കിയിട്ട് ഏഴുവർഷമായെങ്കിലും കൈമനത്തെ ഗാന്ധിസ്‌മൃതി മന്ദിരത്തിന്റെ പുനർനിർമ്മാണം വൈകുന്നു. മഹാത്മാഗാന്ധിയുടെ 75-ാം ചരമവാർഷികത്തിലും മന്ദിരത്തോടുള്ള അവഗണന തുടരുകയാണ്. കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി 2015ലാണ് മന്ദിരം പൊളിച്ചത്.
മന്ദിരത്തിന്റെ പുനർനിർമ്മാണത്തിനായി മൂന്നുസെന്റ് സ്ഥലം കൈമനം ബി.എസ്.എൻ.എൽ വളപ്പിൽ സർക്കാർ അനുവദിച്ചെങ്കിലും അധികൃതരുടെ മെല്ലെപ്പോക്ക് കാരണം മന്ദിരം യാഥാർത്ഥ്യമായില്ല. സ്ഥലത്തിന്റെ അവകാശം റവന്യൂ വകുപ്പിൽ നിലനിറുത്തി പുരാവസ്തു വകുപ്പ് മുഖേന മന്ദിരം പുനർനിർമ്മിക്കാൻ സർക്കാർ ഉത്തരവിട്ടിട്ട് വർഷങ്ങളായി. സ്ഥലം ഇതുവരെ പുരാവസ്‌തു വകുപ്പിന് കൈമാറിയിട്ടില്ല.
കഴിഞ്ഞവർഷം താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പ് അധികൃതരുടെയും കൈമനം വിവേക് നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ ഭൂമിയളന്ന് കല്ലിട്ടു. എന്നാൽ അളന്നതിന്റെ സ്കെച്ചുപോലും ബന്ധപ്പെട്ട സെഷനിലെത്തിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ പരാതി.കന്യാകുമാരിയിൽ നിമജ്ജനം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ഗാന്ധിജിയുടെ ചിതാഭസ്‌മം കൈമനത്തുള്ള വഴിയമ്പലമായ കൽമണ്ഡപത്തിൽ വച്ച് പുഷ്പാർച്ചന നടത്തിയിരുന്നു. 1985ൽ ഗാന്ധിജിയുടെ ഓർമ്മ നിലനിറുത്താൻ കൽമണ്ഡപത്തെ സാമൂഹ്യപ്രവർത്തകർ ഗാന്ധിസ്‌മൃതി മന്ദിരമാക്കി. മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് സ്ഥാപിച്ചതായിരുന്നു കൽമണ്ഡപം.പരിസരത്തെ കിണറും ചുമടുതാങ്ങിയും കാലപ്പഴക്കത്താൽ നശിച്ചു. മുഖ്യമന്ത്രിക്കും മന്ത്രി വി.ശിവൻകുട്ടിക്കും പരാതി നൽകിയിരുന്നു. സ്ഥലം അനുവദിച്ചിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഫലം കണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |