■പകരം നിയമനം വൈകുന്നു
തൃശൂർ: അസിസ്റ്റന്റ് പ്രിസണർമാരായി ജോലി ചെയ്തിരുന്ന 300 താത്കാലികക്കാരെ പിരിച്ചു വിട്ടതോടെ, സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ഉൾപ്പെടെ സുരക്ഷ താളം തെറ്റി.താത്കാലിക നിയമനം സംബന്ധിച്ച ഫയൽ ധന വകുപ്പിൽ കുരുങ്ങിക്കിടക്കുന്നതിനാൽ, പുതിയ നിയമനത്തിനും കഴിയാത്ത സ്ഥിതി.
ആറു മാസം മുൻപ് വരെ സംസ്ഥാനത്തെ 57 ജയിലുകളിലായി 8000 പ്രതികളാണ് ഉണ്ടായിരുന്നത്. ഇന്നലത്തെ കണക്കു പ്രകാരം അത് 9250ലേക്ക് ഉയർന്നു.
മയക്കുമരുന്ന് കേസിൽപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളിൽ ഭൂരിഭാഗവും. മയക്കുമരുന്നിന് അടിമപ്പെട്ട ഇവർ അത് ലഭിക്കാതെ വരുന്നതോടെ അക്രമാസക്തരാകുന്നത് ജയിലുകളിൽ തടവുകാർ തമ്മിലുള്ള സംഘർഷത്തിനും ഇടയാക്കുന്നു.തിരുവനന്തപുരം,തൃശൂർ,കണ്ണൂർ ജില്ലകളിലെ ജയിലുകളിൽ മാത്രം 80 വീതം ജീവനക്കാരുടെ കുറവാണുള്ളത്
തടവ് പുള്ളികളെ കൂട്ടമായി കൃഷിപ്പണിക്ക് ഇറക്കുന്നതും ,പെട്രോൾ പമ്പ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനവും മറ്റും താത്കാലിക ജീവനക്കാരുടെ കൂടി മേൽനോട്ടത്തിലാണ് . പരിശോധിക്കാൻ ഉദ്യോഗസ്ഥർ കുറയുന്നതോടെ ജയിലുകളിലെ മയക്കുമരുന്ന്, സെൽഫോൺ ഉപയോഗവും വർദ്ധിക്കുമെന്നാണ് ആശങ്ക.വിരമിച്ച സൈനികരുടെ സംഘടനയായ കെക്സോണിൽ നിന്നാണ് അസി. പ്രിസണർ തസ്തികയിൽ ജീവനക്കാരെ നിയമിച്ചിരുന്നത്. 90 ദിവസം മുൻപ് കാലാവധി കഴിഞ്ഞെങ്കിലും തുടരാൻ അനുവദിച്ചിരുന്നു. ശമ്പള സോഫ്ട്‌വെയറായ സ്പാർക്കിലെ സാങ്കേതിക പ്രശ്നം ഉന്നയിച്ചാണ് ധന വകുപ്പ് ഇടപെട്ട് അവരുടെ സേവനം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |