തൃശൂർ : നിലവിലുള്ള അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി രാത്രികാല പോസ്റ്റുമോർട്ടം നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിട്ടെങ്കിലും തൃശൂർ മെഡിക്കൽ കോളേജിൽ സംവിധാനം ഇനിയും വൈകിയേക്കും. പകൽ പോലും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള മാനുഷിക വിഭവ ശേഷി ഇല്ലാത്തതാണ് പ്രശ്നം. പകൽസമയ പോസ്റ്റുമോർട്ടത്തിന് വേണ്ട ഏഴ് പേരിൽ മൂന്ന് പേർ മാത്രമാണ് ഫൊറൻസിക് വിഭാഗത്തിലുള്ളത്.
അനുബന്ധ ജീവനക്കാരുടെ കുറവുമുണ്ട്. പകുതിയിലേറെ അസിസ്റ്റന്റ് പ്രൊഫസർമാർ ഇല്ലാത്ത സ്ഥിതിയുമുണ്ട്.
പരാതികൾക്കിടയില്ലാത്ത വിധം വൈകിട്ട് നാല് വരെ കൊണ്ടുവരുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് വിട്ടുനൽകുന്നുണ്ട്. ഏഴ് വരെ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന ദിവസങ്ങളുമുണ്ട്. നിലവിലുള്ള ഒഴിവ് നികത്തുകയും അതോടൊപ്പം കൂടുതലായി രണ്ട് അസി.പ്രൊഫസർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചാലേ രാത്രികാല പോസ്റ്റ്‌മോർട്ടം ആരംഭിക്കാനാകൂ. എന്നാൽ രാത്രികാല പോസ്റ്റ്‌മോർട്ടം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ സംസ്ഥാനതലത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒഴിവുകൾ നികത്തിയ ശേഷം ആരംഭിക്കാമെന്നാണ് എല്ലാവരും അറിയിച്ചത്. 2022ലാണ് ഹൈക്കോടതി രാത്രികാല പോസ്റ്റ്‌മോർട്ടം ആരംഭിക്കണമെന്നാവശ്യപ്പെട്ടത്.
സുരക്ഷ വേണം
മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യം ഏറെക്കുറെ പൂർത്തിയായി. രാത്രികാല പോസ്റ്റുമോർട്ടത്തിന് ആവശ്യമായ വെളിച്ചം ഉൾപ്പെടെ സജ്ജമാണ്. മെഡിക്കൽ കോളേജിലും ഫൊറൻസിക് വിഭാഗത്തിലുമായി 30 മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസർ സൗകര്യവുമുണ്ട്. കൊൽക്കത്ത കൊലപാതകത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ സുരക്ഷ സംബന്ധിച്ച് കാര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. മെഡിക്കൽ കോളേജിന്റെ പരിസരം പലതും കാടും പടലും പിടിച്ച് കിടക്കുകയാണ്. അതുകൊണ്ട് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ട്.
സങ്കീർണമായവ നടക്കില്ല
രാത്രി ആരംഭിച്ചാലും കേന്ദ്രനിയമം അനുസരിച്ച് കൊലപാതകം, മറ്റ് സങ്കീർണമായി പ്രശ്‌നങ്ങളുള്ളവ, പരാതികളുള്ളവ പോസ്റ്റുമോർട്ടം ചെയ്യാനാകില്ല. പരാതികളില്ലാത്തവയും, അപകട മരണങ്ങളും മറ്റും പോസ്റ്റുമോർട്ടം ചെയ്താൽ നടത്താൻ സാധിക്കുമെന്നത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാണ്. പലപ്പോഴും തലേദിവസം മരണമടഞ്ഞവരുടെ പൊലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി പിറ്റേന്ന് ഉച്ചയോടെയാണ് ബന്ധുക്കൾക്ക് ലഭിക്കുക. ഇത് ഒഴിവാക്കാനാകും.
രാത്രികാല പോസ്റ്റ്‌മോർട്ടം നടപ്പിലാക്കാവുന്നതാണ്. അതിനാവശ്യമായ അടിസ്ഥാന സൗകര്യം ഏറെക്കുറെയുണ്ട്. അതേസമയം ആവശ്യമായ മാനുഷിക വിഭവ ശേഷിയുടെ ഗണ്യമായ കുറവുണ്ട്. അത് പരിഹരിച്ചാൽ ഏത് സമയവും തുടങ്ങാം.
ഡോ.എ.കെ.ഉന്മേഷ്
ഫൊറൻസിക് വിഭാഗം മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |