പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിംഗിനായി അനുവദിച്ച സമയം അവസാനിച്ചു. 85ന് മുകളിൽ പ്രായമുള്ള 745 പേരും ഭിന്നശേഷിക്കാരായ 134 പേരുമാണ് ഹോം വോട്ടിംഗിനായി അപേക്ഷിച്ചത്. ഇതിൽ 85ന് മുകളിലുള്ള 721 പേരും ഭിന്നശേഷിക്കാരായ 133 പേരും വോട്ട് രേഖപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും ആർ.ഡി.ഒയുമായ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഹോംവോട്ടിംഗ് നടന്നത്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, അതതു സ്ഥലത്തെ ബി.എൽ.ഒ, റവന്യൂ ഉദ്യോഗസ്ഥൻ, ബൂത്ത്‌ലെവൽ ഏജന്റുമാർ എന്നിവർ അടങ്ങിയ 12 ടീമുകളായി തിരിഞ്ഞാണ് വോട്ടിംഗ് പൂർത്തിയാക്കിയത്. മുൻകൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥ സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിറുത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ഭിന്നശേഷിക്കാരിൽ 40 ശതമാനത്തിനു മുകളിൽ വൈകല്യം ഉള്ളവർക്കാണ് ഹോം വോട്ടിംഗിന് അനുമതി നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |