വടക്കാഞ്ചേരി: മിണാലൂർ-കുറ്റിയങ്കാവ് റെയിവേ അടിപ്പാതയ്ക്ക് സമീപം മാസങ്ങൾക്ക് മുമ്പ് തകർന്ന സുരക്ഷാ ക്രോസ്ബാർ പുനഃസ്ഥാപിക്കാതെ റെയിൽവേ. കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള ഉയരം കൂടിയ വാഹനങ്ങൾ അടിപാതയിലേക്ക് പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച സുരക്ഷാ ക്രോസ്ബാറാണ് അജ്ഞാത വാഹനം ഇടിച്ച് തകർന്നത്. മുളങ്കുന്നത്ത് കാവ് അത്താണി ഭാഗത്തു നിന്നും പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. അടിപ്പാതയിലൂടെ ഉയരുമുള്ള വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാത്തതിനാലാണ് ക്രോസ്ബാർ സ്ഥാപിച്ചത്. എന്നാൽ ഇത് തകർന്നതോടെ നിരവധി വാഹനങ്ങൾ അടിപ്പാതയ്ക്ക് സമീപം എത്തി മടങ്ങുകയാണ്. ഗൂഗിൾ മാപ്പ് നോക്കി വരുന്ന വാഹനങ്ങളാണ് കൂടുതലും അടിപ്പാതയ്ക്ക് സമീപം കുടുങ്ങുന്നത്. ചില ഉയരമുള്ള വാഹനങ്ങൾ അശ്രദ്ധമായി അടിപാതയിലേയ്ക്ക് ഇടിച്ചു കയറ്റുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
നിരവധി സമരങ്ങളിലൂടെ യാഥാർത്ഥ്യമായ മിണാലൂർ അടിപ്പാതയോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണം. അടിപ്പാതയിൽ ഇടിച്ച് ട്രെയിലർ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. മൂന്നു മാസമായിട്ടും ക്രോസ് ബാർ പുനഃസ്ഥാപിക്കാത്ത റെയിൽവേക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും.
സി. എച്ച്. ഹരീഷ്
(കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ്)
ചതിക്കുന്നത് ഗൂഗിൾ മാപ്പാണ്. മാപ്പിൽ നിന്ന് ഈ എളുപ്പവഴി നീക്കണം. കഴിഞ്ഞ ആറുമാസത്തിനിടെ 10 തവണയെങ്കിലും ക്രോസ് ബാർ വാഹനങ്ങൾ ഇടിച്ചു തകർത്തിട്ടുണ്ട്. അന്നൊക്കെ റെയിൽവേ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് റെയിൽവേയെ പൂർണമായും കുറ്റപ്പെടുത്താനാകില്ല. നാലുമാസം മുമ്പ് ക്രോസ് ബാർ തകർന്നത് റെയിൽവേയെ അറിയിച്ചു. എന്നാൽ യാതൊരു നടപടിയും ഇല്ല. ക്രോസ് ബാർ അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ ദുരന്തം ഉറപ്പാണ്.
സേവ്യർ മണ്ടുംപാല
(നഗരസഭ കൗൺസിലർ സി.പി.ഐ.അത്താണി ലോക്കൽ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |