സതീഷ് അപ്പുക്കുട്ടൻ പുറത്ത്, സന്തോഷ് പ്രസിഡന്റ് ദളിത് കോൺഗ്രസിൽ പൊട്ടിത്തെറി

Thursday 13 March 2025 12:00 AM IST

തൃശൂർ: ജില്ലാ ദളിത് കോൺഗ്രസിൽ പ്രസിഡന്റായിരുന്ന സതീഷ് അപ്പുക്കുട്ടനെ മാറ്റി സന്തോഷ് ഐത്താടനെ നിയമിച്ചതിനെതിരേ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തം. ആറു മാസം മുമ്പാണ് മുൻ കോർപറേഷൻ കൗൺസിലറായിരുന്ന സതീഷ് അപ്പുക്കുട്ടനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയതായി സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിറക്കിയത്. എന്നാൽ ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സതീഷ് അപ്പുക്കുട്ടൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സന്തോഷ് ഐത്താടനെ നിയമിച്ചതായി ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അറിയിച്ചത്. ഇതോടെയാണ് സംഘടനയിൽ തർക്കം രൂക്ഷമായത്. പാർട്ടിയെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് പുതിയ പ്രസിഡന്റെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. സുന്ദരൻ കുന്നത്തുള്ളി പുതുക്കാട് മത്സരിച്ചപ്പോൾ പാർട്ടിക്കെതിരേ വിമത സ്ഥാനാർഥിയായി മത്സരിച്ച സന്തോഷിനെതിരേ പാർട്ടി നടപടിയെടുത്തിരുന്നു. ഇങ്ങനെയൊരാൾ തിരിച്ചെത്തുമ്പോൾ പ്രധാന സ്ഥാനം നൽകി ആദരിക്കുന്ന നിലപാടിൽ പ്രതിഷേധമുണ്ടെന്ന് നിരവധി പേർ നേതൃത്വത്തെ അറിയിച്ചു. സംഘടനയിൽ ചർച്ച നടത്താതെ ഏകാധിപത്യ രീതിയിലാണ് പ്രസിഡന്റ് നിയമനം. കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പുതിയ ഡി.സി.സി പ്രസിഡന്റിനെ അടുത്തിയിടെയാണ് നിയമിച്ചത്. പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പുകൾ നേരിടാൻ ആലോചിക്കുമ്പോഴാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളുമായി നേതൃത്വം രംഗത്തു വരുന്നതെന്നാണ് ദളിത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.

മറ്റു പാർട്ടികൾ ദളിത് വിഭാഗത്തെ ഒരുമിച്ച് നിറുത്താൻ പരിശ്രമിക്കുമ്പോൾ കോൺഗ്രസിൽ തർക്കങ്ങളിലൂടെ പ്രവർത്തകരെ അകറ്റാനാണ് ശ്രമം.

സതീഷ് അപ്പുക്കുട്ടൻ

മുൻ ജില്ലാ ദളിത് കോൺഗ്രസ് പ്രസിഡന്റ്

ദളിത് കോൺഗ്രസ ജില്ലാ പ്രസിഡന്റ് നിയമനം നടത്തുന്നത് തൃശൂരിലെ ഡി.സി.സിയല്ല. ദളിത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ അറിയിച്ചത് ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് താൻ ചെയ്തത്. ഇത്തരം കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല.

അഡ്വ. ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്‌