മത്സ്യക്കൃഷിക്കൊരുങ്ങി കാവലാൻ ചിറ
Saturday 29 March 2025 12:18 AM IST
എരുമപ്പെട്ടി: പതിയാരം കാവലാൻ ചിറയിൽ മത്സ്യവകുപ്പിന്റെ ജനകീയ മത്സ്യകൃഷി. 13.50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാവലാൻ ചിറ ഗ്രൂപ്പ് എന്ന സ്വയംസഹായ സംഘമാണ് മത്സ്യക്കൃഷി ഏറ്റെടുത്തു നടത്തുന്നത്. എംബാക്ക്മെന്റ് മത്സ്യക്കൃഷി രീതിയാണ് ചിറയിൽ നടപ്പിലാക്കുന്നത്. ചിറ വൃത്തിയാക്കൽ, ചണ്ടികോരൽ, വലക്കെട്ടി സംരക്ഷിക്കൽ, മത്സ്യങ്ങൾക്ക് തീറ്റ, സ്റ്റോർ റൂം നിർമ്മാണം, ക്യാമറ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. കാവലാൻ ചിറ ഗ്രൂപ്പിന് 5 വർഷത്തേക്കാണ് പഞ്ചായത്ത് ഭരണസമിതി ചിറ നൽകിയിട്ടുള്ളത്. ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ എരുമപ്പെട്ടി പഞ്ചായത്തിലെ 28 പൊതുകുളങ്ങളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പരാത്തുകുളത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു.