ഇരിങ്ങാലക്കുട: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികോത്സവത്തിന് ഇന്ന് തുടക്കം. ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് നാലിന് ടി.എൻ. നമ്പൂതിരി പുരസ്‌കാര സമർപ്പണവും സാഹിത്യോത്സവവും കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യുവ സംവിധായകൻ ബാബു വൈലത്തൂർ അവാർഡ് ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും.
ഞായറാഴ്ച രാവിലെ ഏഴിന് ലഹരിക്കെതിരെ നടക്കുന്ന പ്രഭാത നടത്തം ഇന്ത്യൻ ഫുട്ബാൾ മുൻ നായകൻ ജോപോൾ അഞ്ചേരി ഫ്ലാഗ് ഓഫ് ചെയ്യും. കുട്ടംകുളം മുതൽ അയ്യങ്കാവ് മൈതാനം വരെയാണ് കൂട്ടനടത്തം. വൈകീട്ട് നാലിന് മുനിസിപ്പൽ ടൗൺ ഹാളിൽ വിദ്യാർത്ഥി യുവജന സംഗമം നടക്കും. ഏഴിന് ഇന്നസെന്റ്, പി. ജയചന്ദ്രൻ സ്മരണ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. മന്ത്രി ഡോ. ആർ. ബിന്ദു ആദരം നിർവഹിക്കും. കമൽ, ഇന്ദ്രൻസ്, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, പി.ജി. പ്രേംലാൽ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ജയരാജ് വാര്യർ നയിക്കുന്ന 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' പി. ജയചന്ദ്രൻ സംഗീത സന്ധ്യയിൽ എടപ്പാൾ വിശ്വനാഥ്, മനോജ് കുമാർ, റീന മുരളി, ഇന്ദുലേഖ വാര്യർ, നന്ദു കൃഷ്ണ തുടങ്ങിയവർ പാട്ടുകൾ ആലപിക്കും. എട്ടിന് ടൗൺ ഹാളിൽ 'നവോത്ഥാന മുന്നേറ്റത്തിന്റെ നൈരന്തര്യങ്ങൾ' എന്ന സെമിനാർ നടക്കും. വൈകീട്ട് നാലിന് മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈലത്തൂർ കൊടമന നാരായണൻ നായർ സ്മാരക വായനശാല അവതരിപ്പിക്കുന്ന കെ. ദാമോദരന്റെ 'പാട്ടബാക്കി' നാടകം അരങ്ങേറും.
ഈ മാസം 10 മുതൽ 13 വരെയാണ് ഇരിങ്ങാലക്കുടയിൽ ജില്ലാ സമ്മേളനം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |