തൃശൂർ: വർദ്ധിച്ച് വരുന്ന ഇ - മാലിന്യങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കാൻ ക്‌ളീൻ കേരള. കോർപറേഷനിലും നഗരസഭകളിലും 15 മുതൽ 31വരെയും ശേഷം ഗ്രാമങ്ങളിലും ഇ-മാലിന്യശേഖരണം നടത്തും. ഹരിതകർമ സേന വീട്ടിലെത്തി ഇ-മാലിന്യം ശേഖരിക്കും. ആക്രിക്കടക്കാർ നൽകുന്നതിനേക്കാൾ കൂടുതൽ വില നൽകും. തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവ സംയുക്തമായാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഒരു വർഷത്തിൽ രണ്ടു തവണ ഇ- മാലിന്യം ശേഖരിക്കാനാണ് ലക്ഷ്യം. കിലോഗ്രാമിനാണ് പണം. രസീത് എഴുതി ഉടൻ പണം നൽകും. ഫെബ്രുവരിയിൽ തൃശൂരിലും കോട്ടയത്തും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. തൃശൂരിൽ എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. 'നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാം' എന്ന ആശയം ഉയർത്തി ഇ.പി.ആർ ക്രൈഡിറ്റ് രീതിയിലാണ് ഇ-മാലിന്യ ശേഖരണം. തദ്ദേശവകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിക്കാണ് നടത്തിപ്പിന്റെ പ്രധാന ചുമതല.
മലിനീകരണം ഒഴിവാകും
കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകളുടെ നടപടി ക്രമങ്ങൾ പാലിച്ചാണ് ഇ-മാലിന്യം ശേഖരണം. മലിനീകരണ നിയന്ത്രണ ബോർഡുകളുടെ അംഗീകാരമില്ലാത്ത ആക്രി വ്യാപാരികളാണ് തുച്ഛമായ വിലയ്ക്ക് ഇ മാലിന്യം ശേഖരിക്കുന്നത്. അവർക്കാവശ്യമായ ഭാഗങ്ങൾ എടുത്തശേഷം ബാക്കിയുള്ളവ ജലാശയങ്ങളിലും പൊതുയിടങ്ങളിലും ഉപേക്ഷിക്കും. ഇതുവഴി വലിയ പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും പദ്ധതിയിലൂടെ സാധിക്കും.
ബോധവത്കരണവും
അപകടകരമായത്, പുനരുപയോഗം സാദ്ധ്യമായത് എന്നിങ്ങനെ വേർതിരിച്ചാണ് ശേഖരിക്കുക. ഇ-മാലിന്യം ശേഖരിക്കുന്ന ദിവസം, സമയം തുടങ്ങിയ വിവരങ്ങൾ ഒരാഴ്ച മുൻപ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തിക്കാനാണ് നിർദേശം. കുടുംബശ്രീ അയൽക്കൂട്ടം വഴി വീടുകളിൽ ഇ-മാലിന്യമുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ലക്ഷ്യമിടുന്നുണ്ട്. ഇവയുടെ വിലവിവരപ്പട്ടിക രേഖാമൂലം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും.
ഇ മാലിന്യം ശേഖരിക്കേണ്ടത് എങ്ങനെയെന്നും സുരക്ഷാ മുൻകരുതലുകൾ, വേർതിരിക്കേണ്ട രീതി, ഏകോപനം എന്നിവയിലും ഹരിതകർമ സേന അംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെ സാങ്കേതിക ടീം പരിശീലനം നൽകും.ശംഭു ഭാസ്‌കർ, ജില്ലാ മാനേജർ
ക്ലീൻ കേരള കമ്പനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |